കൊച്ചി: ഒന്‍പതു വയസുള്ള മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തില്‍ കത്തോലിക്ക വൈദികനെതിരേ കേസ്. എറണാകുളം ജില്ലയിലെ ഒരു പ്രമുഖ പള്ളിയിലെ വികാരിക്കെതിരേയാണു പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.
അറുപത്തിയെട്ടുകാരനായ വൈദികന് പള്ളിമേടയില്‍ വച്ച് മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണു കുട്ടികളുടെ പരാതി. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷം അനുഗ്രഹം തേടാന്‍ പോയതായിരുന്നു ഇവര്‍. കുട്ടികള്‍ മൂവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്.
Also Read: ശിശു ലൈംഗിക പീഡനം; വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന
തനിക്കുണ്ടായ മോശം അനുഭവം കുട്ടികളിലൊരാള്‍ സ്കൂള്‍ അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു മൂന്നു കുട്ടികളുമായും സംസാരിച്ച സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. അധ്യാപിക ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശിശുക്ഷേമ സമിതി മുഖേനെയാണു പരാതി നല്‍കിയത്.
Also Read: പീഡനക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍
പരാതി ലഭിച്ച ബുധനാഴ്ച തന്നെ മൂന്നു കുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയതായി പോലീസ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ് ഇന്ന് പോലീസിനു ലഭിക്കും.
മൊഴിപ്പകര്‍പ്പ് പരിശോധിച്ചശേഷം കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമോയെന്ന കാര്യം പരിശോധിക്കുമെന്നും വൈദികനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നും പോലീസ് പറഞ്ഞു. പോലീസ് കേസെടുത്തതോടെ വൈദികന് ഒളിവില്‍ പോയതായാണു വിവരം.