കൊച്ചി: നീതിക്കായി കന്യാസ്ത്രീകൾ തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വളരെ നിർഭാഗ്യകരമായ സംഭവമാണെന്ന് ഫാദർ ബെന്നി മാരാംപറമ്പില്‍. സഭയുടെയും സമൂഹത്തിന്റെയും ദാരുണമായ ധാർമ്മിക അധഃപതനത്തിന്റെ സൂചന കൂടിയാണിത്. കന്യാസ്ത്രീയ്ക്ക് നീതി കൊടുക്കാൻ സഭയ്ക്ക് കഴിഞ്ഞില്ല. കുറ്റാരോപിതനായ ബിഷപ്പ് ഇപ്പോഴും അധികാരത്തിൽ തുടരുന്നു. അധികാരത്തിൽ തുടർന്നുകൊണ്ട് വീണ്ടും തെറ്റുകൾ ആവർത്തിക്കുന്നുവെന്നും ഫാദർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് എത്തിയതായിരുന്നു ഫാദർ ബെന്നി മാരാംപറമ്പില്‍. ഇന്ന് സമരത്തിന് പിന്തുണ അറിയിച്ച് എത്തിയ വൈദികര്‍ സമരപന്തലിന് ചുറ്റും നില്‍പ്പ് സമരം നടത്തി. നില്‍പ്പ് സമരത്തില്‍ കത്തോലിക്ക സഭ വൈദികനായ ബെന്നി മാരാംപറമ്പിലും പങ്കെടുത്തു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു നില്‍പ്പ് സമരം.

കന്യാസ്ത്രീകൾ ഉറക്കെ നിലവിളിച്ചില്ലെങ്കിൽ നീതി നിഷേധിക്കപ്പെടുമെന്ന അവസ്ഥയാണ്. ഇതുപോലുളള സംഭവങ്ങൾ ആവർത്തിച്ചാൽ ഇത്തരത്തിലുളള സമരം ഇനിയുമുണ്ടാകും. അതിന്റെ തീവ്രതയും തീക്ഷ്ണതയും വലുതായിരിക്കും. നീതി നിഷേധിക്കപ്പെടുന്നവർക്ക് പിന്തുണ അറിയിച്ച് നിരവധി പുരോഹിതരും കന്യാസ്ത്രീകളും സമരത്തിനായി പുറത്തിറങ്ങേണ്ടി വരും. ഫാദര്‍ ബെന്നി മാരാംപറമ്പില്‍ പറഞ്ഞു.

തെരുവിൽനിന്നും നീതിക്കുവേണ്ടി കേഴുകയെന്നത് ഗതികേടാണ്. സഭയുടെ അധികാരികൾക്കുണ്ടായ പരാജയമാണ് ഇപ്പോഴത്തെ സമരത്തിന് കാരണം. അധികാരികൾ തക്ക സമയത്ത് പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിൽ ഈ സമരം ഉണ്ടാകില്ലായിരുന്നു. സഭ ഉയിർത്തെഴുന്നേൽക്കണ്ടതുണ്ട്. തെറ്റ് ചെയ്യുന്നവരോട് അത് തെറ്റാണെന്ന് പറഞ്ഞ് അത് തിരുത്താനുളള ആർജ്ജവം സഭ കാണിക്കണമെന്നും ഫാദർ ബെന്നി മാരാംപറമ്പില്‍ ആവശ്യപ്പെട്ടു.

സമരസമിതി അദ്ധ്യക്ഷന്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്ക് പുറമേ കത്തോലിക്കാ സഭയില്‍ നിന്നുമുള്ള ഫാദർ പോൾ തേലക്കാട്ട്, ജോസഫ് പാറേക്കാട്ടിൽ, ജോയ്സ് കൈതക്കൂട്ടിൽ, ജിമ്മി കക്കട്ട്ചിറ, ബെന്നി മാരാംപറമ്പില്‍, കുര്യൻ കുരിശിങ്കൽ, പോൾ ചിറ്റിലപ്പിള്ളി, രാജൻ പൊമ്മയ്ക്കൽ, സോണി കല്ലൂക്കാരൻ, ജെറിന്‍ പാലത്തിങ്കല്‍ എന്നിവരാണ് ഐക്യദാര്‍ഢ്യവുമായി എത്തിയത്. കോട്ടയം മാര്‍ത്തോമാ സഭയില്‍ നിന്നുള്ള പുരോഹിതരും സമരത്തിനെത്തി. ഫാദര്‍ വൈ ടി വിനയരാജ്, ഫാദര്‍ ചെറിയാന്‍ വര്‍ഗീസ്‌, ഫാദര്‍ സജീവ്‌ തോമസ്‌, ഫാദര്‍ റെനി വര്‍ഗീസ്‌ എന്നിവരാണ്  എത്തിച്ചേര്‍ന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ