കൊച്ചി: സിറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പിന്തുണയുമായി കത്തോലിക്ക കോൺഗ്രസ്. രൂപതാ അധികാരികൾക്ക് ഭൂമി ഇടപാടിൽ ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്ന് കത്തോലിക്ക കോൺഗ്രസ് വിലയിരുത്തി.

ഭൂമിയിടപാടിൽ സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചത്. വസ്തു കർദിനാൾ മാർ ജോർജ് ആലഞ്ചേരി കണ്ടിരുന്നില്ല. മറ്റ് രണ്ട് ഭൂമികളും ഉത്തരവാദിത്തപ്പെട്ടവരുടെ ഉറപ്പിന്മേലാണ് വാങ്ങിയതെന്നും ആലഞ്ചേരിക്ക് അനുകൂലമായുള്ള വിശദീകരണത്തിൽ കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതിന് പിന്നിൽ മാധ്യമ വിചാരണയുണ്ടെന്നും, ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയുടെ അധ്യക്ഷതയിൽ സഭയിലെ 62 മെത്രാൻമാർ പങ്കെടുക്കുന്ന സിനഡ് യോഗം ഇന്നാണ് നടക്കുന്നത്. ഭൂമിയിടപാടിലെ ക്രമേക്കട് യോഗം ചർച്ച ചെയ്യണമെന്ന് അതിരൂപതയിലെ വൈദിക സമിതി കത്തു നൽകിയിട്ടുണ്ട്.

നാലു മെത്രാൻമാരടങ്ങിയ സിനഡിലെ സ്ഥിരം സമിതിയാണ് അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തണോയെന്ന് തീരുമാനിക്കേണ്ടത്. തൃശൂർ, കാ‌ഞ്ഞിരപ്പളളി, ചങ്ങനാശേരി രൂപതകൾ ആലഞ്ചേരിയെ പിന്തുണച്ചേക്കും. സിനഡ് യോഗത്തിന്റെ ഉദ്ഘാടകൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ