കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയെയും സീറോ മലബാര്‍ സഭയെയും പ്രതിസന്ധിയിലാക്കിയ ഭൂമി വിവാദത്തില്‍ പുതിയ വിവാദത്തിന് വഴിതെളിച്ച്  കത്തോലിക്കാ സഭാ മുഖപത്രം സത്യദീപം. രൂപതയെ പ്രതിസന്ധിയിലാക്കിയ ഭൂമി വിവാദം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതു രൂപതയിലെ വൈദികരുടെ ധീരതയാണെന്ന് പ്രഖ്യാപിക്കുന്നു  എഡിറ്റോറിയല്‍.

ജനുവരി 17 ന് പുറത്തിറങ്ങിയ “സത്യദീപം “മലയാളം വാരികയുടെ പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് ഭൂമി വിവാദത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. ജൂബിലി നൽകുന്ന രണ്ട് വെളിച്ചങ്ങൾ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ. ഫാ. ചെറിയാൻ നേരെവീട്ടിലാണ് ‘സത്യദീപ’ത്തിന്രെ എഡിറ്റർ.

ഭൂമി വിവാദത്തില്‍ തെറ്റുപറ്റിയെന്നു സഭാ നേതൃത്വം ഏറ്റു പറയാന്‍ തയാറായതു നന്നായെന്നും പറയുന്നു.മാത്രമല്ല, ഈ ജൂബിലി വര്‍ഷത്തില്‍ സീറോ മലബാര്‍ സഭയ്ക്കു ദൈവം നല്കിയ സമ്മാനമായിരുന്നു ഭൂമി ഇടപാടു വിവാദമെന്നും എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നു. സമ്മാനം എന്ന് പറഞ്ഞ വാദത്തെ വിശദീകരിക്കുകയും ചെയ്യുന്നുണ്ട് മുഖപ്രസംഗത്തിൽ.

ഭൂമി വിവാദത്തെ സത്യസന്ധതയോടെയും ക്രിസ്തീയ ഭാവത്തോടെയും അന്വേഷിക്കാനും പരിഹാരം കാണാനുമുള്ള നീക്കങ്ങള്‍ ഔദ്യോഗിക തലത്തില്‍ തന്നെ ആരംഭിച്ചുവെന്നു പറയുന്ന എഡിറ്റോറിയല്‍ വൈദികരുടെ ധീരതയാണ് ഇതിനു പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു.

രൂപതയിലെ വൈദികരുടെ ധീരമായ ഇടപെടലുണ്ടായില്ലായിരുന്നുവെങ്കില്‍ എന്ന പരാമർശം വിഷയം മൂടിവയ്ക്കാന്‍ അധികൃതര്‍ ശ്രമിക്കുമായിരുന്നുവെന്ന ഒളിയമ്പും സഭാ നേതൃത്വത്തിനെതിരേ എഡിറ്റോറിയല്‍ ഉയര്‍ത്തുന്നുണ്ട്.

land issue editorial in satiyadeepam

‘പിഴവുകള്‍ പറ്റിയെന്ന ആത്മാര്‍ത്ഥതയോടെയുള്ള മാര്‍പാപ്പമാരുടെ ഏറ്റുപറച്ചിലുകള്‍ ചരിത്രത്തില്‍ സഭയുടെ യശസ്സ് ഉയര്‍ത്തിയിട്ടേയുള്ളൂ സഭ വിശുദ്ധരുടെ മാത്രമല്ല, വിശുദ്ധി ആഗ്രഹിക്കുന്ന പാപികളുടേതുകൂടിയാണെന്ന് അത്തരം കുമ്പസാരങ്ങള്‍ വഴി ലോകം തിരിച്ചറിഞ്ഞതുമാണ്. മറകളില്ലാതെയുള്ള ഏറ്റുപറച്ചില്‍ കുറവുകളെ നിറവുകളിലേക്കുള്ള ചവിട്ടുപടികളാക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലും ചാനലുകളിലും ഈ പ്രശ്‌നത്തെക്കുറിച്ച് അതിരുവിട്ട അനവധി അഭിപ്രായപ്രകടനങ്ങളും സത്യവിരുദ്ധ പ്രസ്താവനകളും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രകടനങ്ങള്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും നാം കാണുന്നതാണ്. എങ്കിലും സംഭവിച്ച കാര്യങ്ങളെയും വസ്തുതകളെയും തെറ്റുകളെയും പൊതുജനമദ്ധ്യത്തില്‍ കൊണ്ടുവന്നു വിഴുപ്പലക്കരുത് എന്നു പറയുമ്പോള്‍ത്തന്നെ തുറന്നുപറയേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കുന്നതും കാലത്തിനു യോജിച്ചതല്ല. സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാമെന്നിരിക്കെ സഭയുടെ പ്രതിച്ഛായയെക്കുറിച്ചും സല്‍പ്പേരിനെക്കുറിച്ചും ആകുലപ്പെട്ടു യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുന്നതു ശരിയല്ല.’ എഡിറ്റോറിയല്‍ പറയുന്നു.

സഭ സമ്പത്തിനു പിന്നാലെ പായാന്‍ ശ്രമിച്ച കാലത്തെല്ലാം പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും കാലിത്തൊഴുത്തില്‍ ജനിച്ച ക്രിസ്തുവിന്റെ മണവാട്ടിയായ സഭയ്ക്കു ദാരിദ്ര്യാരൂപിയാണ് വേണ്ടതെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ‘സത്യദീപം’ തന്നെ ഭൂമി വിവാദം വീണ്ടും എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നത് വിഷയം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നു സഭയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ സിനഡില്‍ അഞ്ചംഗ മെത്രാന്‍ സമിതിയെ ഭൂമി വിവാദം പഠിക്കാന്‍ നിയോഗിക്കുകയും തുടര്‍ന്നു കര്‍ദിനാളിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷവും മാര്‍പാപ്പയ്ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണ് രൂപതയിലെ വൈദികരെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തേ മുന്‍പു പുറത്തിറങ്ങിയ സത്യദീപത്തില്‍ പ്രസ്ബിറ്റല്‍ കൗണ്‍സില്‍ സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ താന്‍ എഴുതുന്ന കോളത്തിലും ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കപ്പൂച്ചിന്‍ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കറന്റസ് എന്ന മാസികയിലും ഭൂമി വിവാദത്തെക്കുറിച്ചു വിശദമായി പരാമര്‍ശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ