കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ പീഡനക്കേസില്‍ നീതി ലഭിക്കാനായി രൂപീകരിച്ച സേവ് ഔവര്‍ സിസ്റ്റേഴ്സ് (എസ്ഒഎസ്) സംഘടനയെയും സമരം ചെയ്ത കന്യാസ്ത്രീകളെയും തള്ളിപ്പറഞ്ഞ് വിവിധ സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടെ പ്രമേയം. എറണാകുളം പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ സഭയിലെ മേജര്‍ സുപ്പീരിയര്‍മാരുടെ സമ്മേളനമാണ് സമരത്തെ കുറ്റപ്പെടുത്തിയും സമരത്തെ തള്ളിപ്പറഞ്ഞും രംഗത്തെത്തിയത്.

അടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങളും സന്യാസ വ്രതങ്ങളോടും നിയമങ്ങളോടും നീതി പുലര്‍ത്തി ജീവിക്കാന്‍ കഴിയാത്ത ചിലരുടെ വാക്കുകളും ഏറ്റെടുത്ത് അതിനെ സാമാന്യവല്‍ക്കരിക്കുകയും സന്യസ്തരുടെ ബ്രഹ്മചര്യ സമര്‍പ്പണത്തെയും അനുസരണത്തെയും അധിക്ഷേപിക്കുകയും അസത്യങ്ങളും അര്‍ധ സത്യങ്ങളും ഉന്നയിച്ച് മാധ്യമ വിചാരണ നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

സമകാലിക കേരളത്തില്‍ പ്രത്യക്ഷപ്പെട്ട സേവ് ഔവര്‍ സിസ്റ്റേഴ്സ് (എസ്ഒഎസ്) എന്ന സംഘടന കത്തോലിക്കാ സഭയുടേയോ സമുദായത്തിന്റേയോ ഭാഗല്ലെന്നു പറയുന്ന പ്രമേയം ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യത്തെ മുന്‍നിര്‍ത്തിയും സഭയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാഹ്യശക്തികളുടെ പിന്തുണയോടും കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയെ കത്തോലിക്കാ സഭ പൂര്‍ണമായും തിരസ്‌കരിക്കുകയാണെന്നും വ്യക്തമാക്കുന്നു.

കേരളത്തിലെ സമര്‍പ്പിതര്‍ വിശിഷ്യാ സന്യാസിനികള്‍ നിസഹായരും നിരാലംബരുമാണെന്ന മുന്‍വിധിയോടെ അവരെ രക്ഷിക്കാനെന്ന പേരില്‍ തുടങ്ങിയിരിക്കുന്ന സംഘടന സന്യാസത്തെയും സമര്‍പ്പിതരെയും അവഹേളിക്കുകയാണെന്നും സമര്‍പ്പിത ജീവിതം നയിക്കുന്ന ചിലരുടെ മനുഷ്യസഹജമായ ബലഹീനതമൂലമാണ് സംശുദ്ധി കൈവിടുന്നതെന്നും വ്രതവാഗ്ദാനങ്ങളനുസരിച്ച് ജീവിക്കാന്‍ പരാജയപ്പെട്ട ചിലര്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയാണെന്നും പ്രമേയം ആരോപിക്കുന്നു.

മേജര്‍ സുപ്പീരിയേഴ്സ് കോണ്‍ഫറന്‍സിനു വേണ്ടി വൈസ് പ്രസിഡന്റ് മദര്‍ ലിറ്റില്‍ ഫ്ളവര്‍ എസ്ഐസി അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചെന്നും കേരളത്തിലുള്ള 34000 ത്തോളം സന്യസ്തരുടെ 274 മേജര്‍ സുപ്പീരിയര്‍മാരാണ് യോഗത്തില്‍ സംബന്ധിച്ചതെന്നും സഭ അവകാശപ്പെടുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.