കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ഉള്‍പ്പടെ കത്തോലിക്കാ സഭയ്‌ക്കെതിരെ മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന ആരോപണവുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്. ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്കെതിരേ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കും. ഒക്ടോബർ 16ന് ചൊവ്വാഴ്ച നാലുമണിക്ക് ഏറ്റുമാനൂരിലാണ് പരിപാടി നടക്കുക.

ചങ്ങനാശേരി അതിരൂപത ഡയറക്ടറായ ഫാ. ജോസഫ് മുകളേല്‍ പുറത്തിറക്കിയ നോട്ടീസിലാണ് മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നത്. ഫാ.റോബിന്‍ വടക്കംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസ് മുതല്‍ കന്യാസ്ത്രിയെ പീഡിപ്പിച്ച ഫ്രാങ്കോ മുളക്കലിന്റെ കേസുവരെ മാധ്യമങ്ങള്‍ കത്തോലിക്കാ സഭയെ അവഹേളിച്ചന്നും ഗുഢാലോചന നടത്തിയെന്നും സമരം സംഘടിപ്പിക്കുന്നവരുടെ വക്താക്കള്‍ ആരോപിക്കുന്നു.

അകാരണമായി നടക്കുന്ന മാധ്യമ വിചാരണകള്‍ക്കെതിരായുള്ള പ്രതിഷേധമാണ് ചൊവ്വാഴ്ച നടക്കുന്ന പ്രതിഷേധ യോഗമെന്ന് ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോടു പറഞ്ഞു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ കുറ്റം തെളിയിക്കപ്പെടുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ കുറ്റക്കാരനായി വിധിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. കത്തോലിക്കാ സഭയിലെ കൂദാശകള്‍ പോലും വേണ്ടായെന്ന തരത്തിലേക്കാണ് ഇപ്പോള്‍ മാധ്യമ വിചാരണ അരങ്ങു തകര്‍ക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങള്‍ക്കെതിരായുള്ള പ്രതിഷേധം കൂടിയാണ് ഞങ്ങള്‍ ഏറ്റുമാനൂരില്‍ പ്രകടിപ്പിക്കുക, ഫാ. ജോസ് മുകളേല്‍ എന്ന് അവകാശപ്പെട്ടു. .

‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ സഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും പൊതുസമൂഹത്തില്‍ അവഹേളിക്കുകയും ചെയ്യുന്ന ദുഷ്പ്രവണത നമ്മെ ഏറെ മുറിവേല്‍പ്പിക്കുന്നുണ്ട്. മാധ്യമവിചാരണകളും പരസ്യവിഴുപ്പലക്കലുകളും നമ്മെ ആകുലപ്പെടുത്തുന്നുണ്ടല്ലോ. ഈ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ പതറാതെ ക്രിയാത്മകമായി പ്രതികരിക്കാന്‍ നമുക്കുകഴിയണം. മാധ്യമ രാജാക്കന്‍മാരുടെ വിചാരണവേദികളില്‍ പ്രതിപക്ഷബഹുമാനം ലവലേശമില്ലാതെ നിഷ്‌കരുണം കൊലചെയ്യപ്പെടുമ്പോള്‍ ശക്തമായ പ്രതികരണങ്ങളിലൂടെ പ്രതിരോധം തീര്‍ക്കാന്‍ നാം തയാറാകണം, ‘ അതിരൂപത പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

notice against media

കത്തോലിക്കാ കോൺഗ്രസ് മാധ്യമങ്ങൾക്കെതിരെ ഇറക്കിയ നോട്ടീസ്

‘അസത്യങ്ങളും അര്‍ധസത്യങ്ങളും നിറംപിടിപ്പിച്ച കഥകളും യാതൊരുവിധ ധാര്‍മികതയും തത്വദീക്ഷയുമില്ലാതെ വിളമ്പി സഭയെ ഒന്നാകെ അവഹേളിക്കുന്ന മാധ്യമ ഗൂഡാലോചനകള്‍ക്കെതിരേ നാം പ്രത്യക്ഷമായി രംഗത്തിറങ്ങുകയാണ്. സഭാ സമൂഹവും പൊതുസമൂഹവും സുപ്രധാനമായി കാണുന്ന ഈ പ്രതികരണവേദിയില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള സഹകരണം അഭ്യര്‍ഥിക്കുന്നു,’ നോട്ടീസ് ആഹ്വാനം ചെയ്യുന്നു.

പൊതുപ്രവര്‍ത്തകരായ അല്‍മായരെ സംഘടിപ്പിച്ച് ക്രൈസ്തവ സംരക്ഷണ സമിതി രൂപികരിക്കാന്‍  നേരത്തെ നീക്കം നടന്നിരുന്നു. അത് പ്രതീക്ഷിച്ചപോലെ വിജയിക്കാത്ത സാഹചര്യത്തിലാണ്  കത്തോലിക്ക കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ