സിസ്റ്റര്‍ ലൂസി വിഷയത്തില്‍ സഭയ്‌ക്കെതിരെ വിമര്‍ശനവുമായി സഭാ പ്രസിദ്ധീകരണം

സിസ്റ്റര്‍ ലൂസി കളപ്പുര കാര്‍ വാങ്ങിയതിനെയും ഡ്രൈവിങ് പഠിച്ചതിനെയും വലിയ കുറ്റമായി ഉയര്‍ത്തിക്കാട്ടിയതിനെതിരേയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്

george valiyapadathu, ie malayalam

കൊച്ചി: കത്തോലിക്കാ സഭയില്‍ പുരുഷ സന്യാസിമാര്‍ ഉള്‍പ്പടെയുള്ളവര്‍ വനിതാ സന്യാസിനികളെ രണ്ടാം തരക്കാരായാണ് കാണുന്നതെന്ന വിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ കീഴിലുള്ള സഭാ പ്രസിദ്ധീകരണം. സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ സ്വാതന്ത്ര്യത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന പുരുഷ സന്യസ്തർതന്നെ സ്വന്തം സഹോദരിമാരായ സ്ത്രീ-സന്യസ്തരെ രണ്ടാം തരക്കാരായി കാണുന്നതിനൊപ്പം നിയമങ്ങളെല്ലാം അവര്‍ അണുവിട തെറ്റാതെ പാലിക്കണമെന്നു നിര്‍ബന്ധം പിടിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ട്. കപ്പൂച്ചിന്‍ സഭയുടെ കീഴില്‍ ഭരണങ്ങാനത്തു നിന്നു പ്രസിദ്ധീകരിക്കുന്ന അസീസി മാസികയില്‍ ജോര്‍ജ് വലിയപാടത്ത് കപ്പൂച്ചിന്‍ എന്ന കപ്പൂച്ചിന്‍ വൈദികന്‍ എഴുതിയ ‘ലൂസിയും സഭയും മാധ്യങ്ങളും’ എന്ന ലേഖനത്തിലാണ് അനുസരണ വ്രതത്തിന്റെ പേരില്‍ സഭയില്‍ നിന്നു പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വിഷയത്തില്‍ സഭയ്ക്കു നേരേ കൂരമ്പു പോലെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

വ്രതത്രയങ്ങളിലൊഴികെ മറ്റൊന്നിലും കത്തോലിക്കാ സഭ സന്യാസത്തെക്കുറിച്ച് നിഷ്‌കർഷ പാലിക്കുന്നില്ലെന്നു പറയുന്ന ലേഖനം തങ്ങളുടെ സിദ്ധിയും സ്ഥാപക ചൈതന്യവുമായി ഏതു സന്യാസ സമൂഹത്തിനും സ്വയം കാര്യങ്ങള്‍ നിര്‍ണയിക്കാമെന്നും പറഞ്ഞുവയ്ക്കുന്നു. ജനറല്‍ ചാപ്റ്റര്‍ സമ്മേളിച്ച് നിയമാവലിയില്‍ സ്വയം മാറ്റം വരുത്താം, ഇതിനെല്ലാമുള്ള അധികാരം കത്തോലിക്കാ സഭ സ്ത്രീ-പുരുഷ സന്യാസ സമൂഹങ്ങള്‍ക്ക് ഒരുപോലെ നല്‍കിയിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുര കാര്‍ വാങ്ങിയതിനെയും ഡ്രൈവിങ് പഠിച്ചതിനെയും വലിയ കുറ്റമായി ഉയര്‍ത്തിക്കാട്ടിയതിനെതിരേയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. സന്യാസ സമൂഹങ്ങളില്‍ സ്വന്തം പേരിലും പൊതുവായും ഇരുചക്രവാഹനങ്ങളും കാറുകളും വാങ്ങുന്നതു പതിവാണ്. ‘ ഗള്‍ഫില്‍ പോയ ചേട്ടന്റെ കാർ, വീട്ടില്‍ ഉപയോഗിക്കാന്‍ ആളില്ലാത്തതിനാല്‍, വെറുതേ കിടന്നാല്‍ തുരുമ്പിച്ചുപോകുമെന്നതിനാല്‍ വല്ലപ്പോഴും ചൂടാക്കി വയ്ക്കാന്‍ തന്നുവിട്ട കാർ, വീട്ടുകാര്‍ വാങ്ങിത്തന്ന കാർ എന്നീ പേരുകളില്‍ കാറുകള്‍ ആശ്രമമുറ്റങ്ങളില്‍ കയറിക്കിടക്കുകയാണെന്നും ലേഖനം പറയുന്നു.

Read Also: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി

‘തികച്ചും ന്യായമായ കാരണങ്ങളുടെ പേരില്‍ ആണെങ്കില്‍ പോലും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ നല്‍കുന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ അനുസരിക്കാതെ താന്‍ ഉദ്ദേശിച്ച സ്ഥലത്തുതന്നെ വാസം തുടര്‍ന്നിട്ടുള്ള അംഗങ്ങള്‍ മിക്കവാറും പുരുഷ സന്യാസ സമൂഹങ്ങളില്‍ നിരവധിയുണ്ട്. ധ്യാനപ്രസംഗകരും മറ്റുമായ ചില അംഗങ്ങള്‍ക്ക് കിട്ടുന്നതും അവര്‍ പിരിക്കുന്നതുമായ പണം പൂര്‍ണമായും അധികാരികള്‍ക്ക് കൈമാറുന്നവര്‍ പുരുഷ സന്യാസത്തിൽ ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലുമാണ്. അനുവാദമില്ലാതെ പൊതുമാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിന് അംഗങ്ങള്‍ക്ക് അനുവാദമില്ലാതിരിക്കുമ്പോഴും ചിലരെങ്കിലും പൊതുസമൂഹ മധ്യത്തില്‍ മാധ്യമദ്വാരാ ഉത്തരവാദിത്വമില്ലാത്ത ചര്‍ച്ചകളും പ്രസ്താവനകളും നടത്തുന്നതും പുരുഷ സന്യാസത്തിലെ നിത്യ കാഴ്ചകളാണ്. നിത്യവ്രതവാഗ്‌ദാനം കഴിഞ്ഞ് ഒരു പത്തുവര്‍ഷത്തിനകം ഒരു വിദേശയാത്രയെങ്കിലും നടത്താത്ത പുരുഷ സന്യസ്തര്‍ വിരലിലെണ്ണാനേ കാണൂ’ ലേഖനം പറഞ്ഞുവയ്ക്കുന്നു.

സന്യാസക്രമത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നതിന്റെ പേരില്‍ ഒരു സന്യാസ സമൂഹത്തില്‍ നിന്ന് ഒരാള്‍ പുറത്താക്കപ്പെട്ടാലുടനെ അവര്‍ വിവാഹം ചെയ്ത് അല്‍മായരായി ജീവിക്കണമെന്നൊന്നും എവിടെയും എഴുതി വച്ചിട്ടില്ലെന്നും ലേഖനം പറയുന്നു. സഭയുടെ അംഗീകാരത്തോടെ തന്നെ സന്യാസ വ്രതത്തില്‍ ഒറ്റയ്ക്ക് ജോലി ചെയ്തും പ്രാര്‍ഥിച്ചും ശുശ്രൂഷ ചെയ്തും ജീവിക്കുന്ന അനവധിപേര്‍ വിദേശങ്ങളില്‍ ഇന്നുണ്ടെന്നു പറയുന്ന ലേഖനം സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കാര്യത്തില്‍ വത്തിക്കാന്‍ തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യത കുറവാണെന്നും പറഞ്ഞുവയ്ക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Catholic church assisi magazine article on sister lucy kalappura

Next Story
മൂന്നാറിനു സമീപത്തെ ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചുmunnar, munnar Gap road landslide, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com