കൊച്ചി: കൊച്ചി മെട്രോയുടെ തൂണിനിടയിൽ കുടങ്ങിയ പൂച്ചയെ രക്ഷിക്കാൻ തീവ്ര പരിശ്രമം നടത്തി ഫയർഫോഴ്സ്. മെട്രോ അധികൃതരും ഫയർഫോഴ്സും ചേർന്നാണ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. കൊച്ചി വെെറ്റില വെൽകെയർ ആശുപത്രിക്ക് സമീപമാണ് പൂച്ച മെട്രോ ട്രാക്കിനിടയിൽ കുടുങ്ങിയത്. രണ്ട് മണിക്കൂർ നീണ്ട തീവ്ര പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
Read Also: 250 കിലോയുള്ള ഐഎസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല; പകരം ട്രക്ക്
മെട്രോ പില്ലറിന് മുകളിലായി ട്രാക്കിനോട് ചേർന്നാണ് പൂച്ചയെ കണ്ടെത്തിയത്. ദിവസങ്ങളായി പൂച്ച ഇവിടെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചില ശ്രമങ്ങൾ നടത്തിയെങ്കിലും പൂച്ചയെ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് റോഡിൽ ട്രാഫിക് പൂർണ്ണമായി നിർത്തിയ ശേഷമാണ് ഇന്ന് ഫയർഫോഴ്സ് മെട്രോ പില്ലറിനു മുകളിലേക്ക് കയറിയത്. പൂച്ച താഴേക്ക് ചാടുകയാണെങ്കിൽ പരുക്ക് പറ്റാതിരിക്കാൻ താഴെ വല വിരിക്കുകയും ചെയ്തു. താെഴെ പിടിച്ചിരുന്ന വലയിലേക്കാണ് പൂച്ച ഒടുവിൽ വീണത്. പൂച്ച താഴെ എത്തിയതും കൂടിനിന്നിരുന്നവരെല്ലാം സന്തോഷ പ്രകടനം ആരംഭിച്ചു.
Read Also: ഭാവിവരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവച്ച് വീണ നന്ദകുമാർ
പൂച്ച കുടുങ്ങിയ വിവരം ഇന്ന് രാവിലെയാണ് മെട്രോ അധികൃതർ ഫയർഫോഴ്സിനെ അറിയിച്ചത്. അതിനു പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പൂച്ചയെ രക്ഷിക്കുന്നതു കാണാൻ നിരവധി പേർ വെെറ്റിലയിലെത്തി. രക്ഷാപ്രവർത്തനത്തിനിടെ പൂച്ച പരിഭ്രാന്തിയോടെ ഓടുകയായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്താൻ ഫയർഫോഴ്സും മെട്രോ അധികൃതരും നടത്തിയ പ്രവർത്തനങ്ങളെ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രശംസിച്ചു.