പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ തടഞ്ഞ സംഭവത്തില്‍ ഇരുനൂറോളം പേര്‍ക്കെതിരെ കേസ്. മരക്കൂട്ടത്തുവെച്ച് യുവതികളെ തടഞ്ഞ 100 പേര്‍ക്കെതിരെയും സന്നിധാനത്ത് നാമജപം നടത്തിയ അമ്പതോളം പേര്‍ക്കെതിരെയുമാണ് സന്നിധാനം പോലീസ് കേസെടുത്തത്. അപ്പാച്ചിമേട്ടില്‍ തടഞ്ഞ നാല്‍പതോളം പേര്‍ക്കെതിരെ പമ്പ പൊലീസും കേസെടുത്തിട്ടുണ്ട്.

ശബരിമലയിലും പ്രദേശത്തും സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകള്‍, ഫേസ് ഡിറ്റക്ഷന്‍ കാമറകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന മനിതി സംഘടനയിലെ അംഗങ്ങള്‍ ഇന്നലെയാണ് തമിഴ്‌നാട്ടില്‍നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ശക്തമായ പ്രതിഷേധം മൂലം ഇവര്‍ക്ക് മല ചവിട്ടാന്‍ കഴിഞ്ഞില്ല.

ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയ തമിഴ്‌നാട്ടില്‍നിന്നുളള മനിതി സംഘത്തിനുനേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. ചെന്നൈയിലേക്ക് പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഘത്തിനുനേരെ ബിജെപി പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് വികലാംഗര്‍ക്കുളള കമ്പാര്‍ട്‌മെന്റിലാണ് സംഘത്തെ കയറ്റിവിട്ടത്.

നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍വച്ചും സംഘത്തിന് നേരെ ആക്രമണമുണ്ടായി. സംഘത്തിനുനേരെ ചീമുട്ടയെറിഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ ചാണകവെള്ളം തളിച്ച് കര്‍മ സമിതി പ്രവര്‍ത്തകര്‍ ശുദ്ധിയാക്കി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സംഘം തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറിയിരുന്നു.

മലപ്പുറം സ്വദേശിയായ കനക ദുര്‍ഗയും കോഴിക്കോട് സ്വദേശിയായ ബിന്ദു കല്യാണിയുമാണ് ഇന്ന് രാവിലെ ശബരിമലയിലെത്തിയത്. എന്നാല്‍ സന്നിധാനത്തെത്താതെ തിരിച്ചിറങ്ങി. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇരുവരേയും തിരിച്ചിറക്കുകയായിരുന്നു. ഇതേസമയം, കനക ദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിനു മുന്നിലും ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീടിന് മുന്നിലും പ്രതിഷേധക്കാര്‍ തമ്പടിച്ച് നാമജപം നടത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ