കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് കനത്ത തിരിച്ചടി. ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമെ ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗ്ഗീസ് എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷമായിരുന്നു കേസെടുത്തത്. രണ്ട് വൈദികരും ഒരു ഇടനിലക്കാരനുമാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാതിരുന്നത് കനത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് തന്നെ അവസരം നല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം.

ഭൂമിയിടപാട് വിവാദത്തില്‍ പങ്ക് വെളിപ്പെട്ടതോടെ കര്‍ദിനാള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറി നില്‍ക്കണമെന്ന് വൈദികര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിനഡ് യോഗം മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുകയും പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

നേരത്തെ, സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.