കൊല്ലം: റയിൽവേ അവഗണനക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സമരപ്പന്തലിൽ ചാണകവെള്ളം തളിച്ച മഹിളമോർച്ച പ്രവർത്തകർക്കെതിരെ കേസ്. കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്ക് എതിരെ നടത്തിയ ഉപവാസത്തിന് പിന്നാലെയാണ് മഹിള മോർച്ച ഇവിടെയെത്തി ചാണകം തളിച്ചത്. മഹിളാ മോര്‍ച്ചയുടെ നടപടി ദളിത് വിരുദ്ധമാണെന്നാരോപിച്ച് കോണ്‍ഗ്രസ് കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി. എന്നാല്‍  തട്ടിപ്പ് സമരത്തിനെതിരായ പ്രതിഷേധം മാത്രമാണ് നടത്തിയതെന്നാണ് മഹിളാ മോര്‍ച്ചയുടെ വിശദീകരണം.

കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് മുന്‍പിലായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം പി ഏകദിന ഉപവാസ സമരം നടത്തിയത്. ഉപവാസ സമരം അവസാനിച്ചതിന് പിന്നാലെയാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരവേദിയിലെത്തിയത്.

ചാണകവെള്ളം തളിച്ചവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പട്ടികജാതിക്കാരെ ആക്ഷേപിക്കുകയല്ല, മറിച്ച് ജനത്തെ പറ്റിക്കുന്ന സമരത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നുവെന്നാണ് മഹിളാ മോര്‍ച്ചയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ