കൊച്ചി: നടൻ കൊല്ലം തുളസിക്കെതിരെ കൊല്ലം ചവറ പൊലീസും കേസെടുത്തു. ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറുമെന്ന നിലയിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് കേസ്. ഇന്നലെ വനിത കമ്മിഷനും നടനെതിരെ കേസെടുത്തിരുന്നു.

ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്. കൊല്ലത്ത് ബിജെപി സംഘടിപ്പിച്ച നാമജപയാത്രയിൽ പ്രസംഗിക്കുന്നതിനിടെയാണ് തുളസിയുടെ പ്രകോപനപരമായ സംസാരം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള പങ്കെടുത്ത വേദിയിലിരുന്നാണ് കൊല്ലം തുളസി ഈ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ നിയമസഭയിൽ കൊല്ലം ജില്ലയിലെ കുണ്ടറയിൽ ബിജെപിയുടെ നിയമസഭ സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം.

എല്ലാ പ്രായക്കാരായ സ്ത്രീകളെയും ശബരിമലയിലേക്ക് പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് എതിരെയാണ് ബിജെപിയും ഭാരത് ധർമ്മജന സേന പ്രവർത്തകരും പ്രതിഷേധം നടത്തിയത്.

“നിങ്ങൾ അമ്മമാർ ശബരിമലയിലേക്ക് പോകണം. അവിടെ ചില സ്ത്രീകൾ വരും. അവരെ രണ്ടായി വലിച്ച് കീറണം. ഒരു കഷണം ഡൽഹിയിലേക്കും മറ്റൊരു കഷണം മുഖ്യമന്ത്രിയുടെ മുറിയിലേക്കും വലിച്ചെറിയണം. നിങ്ങളാരും പോകില്ലെന്ന് എനിക്കറിയാം. നിങ്ങൾക്ക് അറിവും വിവരവുമുണ്ട്. അയ്യപ്പൻ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ദേവസ്വം മന്ത്രിയുടെ ചിന്ത മാറുന്നുണ്ട്,” കൊല്ലം തുളസി പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.