തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവർത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 10 കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ മ്യൂസിയം പൊലീസിന്റെ ആദ്യത്തെ എഫ്‌ഐആറില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമായിരുന്നു ചേര്‍ത്തത്. ശ്രീറാമിനൊപ്പം സഞ്ചരിച്ച മരപ്പാലം സ്വദേശിനിയായ യുവതി വഫ ഫിറോസിനെ വഞ്ചിയൂർ കോടതിയിലെത്തിച്ച് രഹസ്യമൊഴിയെടുത്തു. കന്‍റോൺമെന്‍റ് സ്റ്റേഷനിൽ വച്ച് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷമാണ് കോടതിയിലേക്ക് കൊണ്ടുപോയത്.
കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷഫീക്കും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സുഹൃത്ത് വഫ ഫിറോസായിരുന്നു വാഹനം ഓടിച്ചത് എന്നായിരുന്നു ശ്രീറാം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദഗതികളെ പൊളിക്കുന്നതാണ് ദൃക്‌സാക്ഷി നല്‍കിയ വെളിപ്പെടുത്തലുകള്‍. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More: ‘മദ്യപിച്ചു നിൽക്കുന്ന ആളുടെ അഡ്രസ് കേട്ടപ്പോൾ പൊലീസ് പിന്നെ ഒന്നും ചോദിച്ചില്ല’
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ മലപ്പുറം സ്വദേശി കെ.എം.ബഷീറാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംങ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ് കലക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.
കെ.എം.ബഷീറിന്റെ മൃതദേഹം രാത്രിയോടെ മലപ്പുറത്തെ വീട്ടിലെത്തിക്കും. തുടർന്ന് വീട്ടിനടുത്തുളള ഷാദുലി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം സംസ്കാര ചടങ്ങുകൾക്കായി വടകര ചെറുവണ്ണൂരിലെ മലയിൽ മഖാമിലേക്ക് കൊണ്ടുപോകും.