തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ പുതിയ കേസ്. വിഴിഞ്ഞം എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. തുറമുഖ വിരുദ്ധ സമരത്തിന് എതിരെ ഇന്നലെ രണ്ട് കേസുകള്‍ കൂടി എടുത്തിരുന്നു. കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതരിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സ്റ്റേഷന് ആക്രമിച്ചത് ലത്തീന്‍ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ് ഐ ആറില്‍ പറയുന്നു. ഇന്നലെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി പതിനാറ് പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഉന്നത തലത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അറസ്റ്റുമായി മുന്നോട്ടുപോകുമെന്നാണ് വിവരം.
വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആക്രമണത്തില്‍ 64 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 85ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്ഡജന്‍ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.