തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസുകാരനെതിരേയും കേസ്. സായുധ ബറ്റാലിയന്‍ അഡി. ഡിജിപി സുദേഷിന്റെ മകള്‍ സ്‌നിക്ത നല്‍കിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മ്യൂസിയം പൊലീസിന്റേതാണ് നടപടി.

ഇന്നലെയാണ് സുധേഷ് കുമാറിന്റെ മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് സ്‌നിക്തയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി.

അസഭ്യം പറയുന്നത് എതിര്‍ത്തതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് ഡ്രൈവർ ഗവാസ്കർ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ് ഗവാസ്‌കര്‍. ഇന്നലെ രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകള്‍ അസഭ്യം പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് പരാതിയിലുളളത്.

ഇതിനു മുന്‍പും മകളും ഭാര്യയും തന്നെ അസഭ്യം പറഞ്ഞിരുന്നു. ഇക്കാര്യം എഡിജിപിയെ അറിയിച്ചു. ഇതിന്റെ വൈരാഗ്യമാകാം മര്‍ദ്ദത്തിനു പിന്നിലെന്ന് ഡ്രൈവര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ എഡിജിപി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ