കൊച്ചി: വി.ഡി. സതീശന്‍ എംഎല്‍എ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റിന് മറുപടിയായി അസഭ്യം കുറിച്ചുവെന്ന ആരോപണത്തില്‍ പൊലീസ് കേസെടുത്തു. സ്ത്രീകളെ അസഭ്യം പറഞ്ഞതിന് കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. പേജ് ഹാക്ക് ചെയ്തതിനും അദ്ദേഹത്തിന്റെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പറവൂർ മന്നം സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്‌ദുൾ സലാം, ഭാര്യ പി.എസ്.അഷിത, സലാമിന്റെ ഉമ്മ റുഖിയ സുബൈർ എന്നിവരുടെ പരാതികളിലാണ് പറവൂർ പൊലീസ് എംഎൽഎക്കെതിരെ കേസെടുത്തത്. വി.ഡി സതീശന്‍ എഴുതിയെന്ന് ആരോപണമുള്ള അസഭ്യത്തിന്റെ സ്ക്രീൻഷോട്ട് നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മൂന്ന് ആഴ്‌ച മുൻപായിരുന്നു സംഭവം. സംഭവത്തിൽ കോടതിയുടെ അനുമതിയോടെയാണ് വി.ഡി.സതീശനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 120 ഒ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
Read Also: രോഗികളുടെ എണ്ണം ഇനിയും വർധിക്കും; തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം
മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വി.ഡി.സതീശനിട്ട പോസ്റ്റിനു താഴെ അബ്‌ദുൾ സലാം കമന്റ് ചെയ്‌തിരുന്നു. ഈ കമന്റിനു താഴെ അബ്‌ദുൾ സലാമിനു സതീശൻ മറുപടി നൽകിയത് അസഭ്യവർഷമാണെന്ന് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്.
പ്രചരിച്ച സ്‌ക്രീൻഷോട്ടുകൾ വ്യാജമാണെന്നാണ് എംഎൽഎ ആദ്യം ആരോപിച്ചത്. എന്നാൽ, പിന്നീട് തന്റെ ഫെയ്‌സ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എന്നാൽ, ഇത് വ്യാജമല്ലെന്നും സത്യം തെളിയിക്കാൻ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് നൽകാൻ തയ്യാറാണെന്നും സ്‌ക്രീൻ പതിപ്പെടുത്ത തൃത്താല സ്വദേശി ചള്ളിക്കുന്നത്ത് നഹാസ് അറിയിച്ചു.
Read Also: കോവിഡ് പ്രതിരോധം: സാമൂഹിക അകലത്തെക്കാൾ ഫലപ്രദം മാസ്ക് ധരിക്കുന്നതെന്ന് പഠനം
ആരോപണമുയർന്നതിനു പിന്നാലെ തനിക്കെതിരെ സൈബർ സഖാക്കൾ നടത്തുന്ന ആക്രമണമാണിതെന്ന് വി.ഡീ.സതീശൻ പ്രതികരിച്ചിരുന്നു. പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ തന്റേത് അല്ലെന്നും സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും സതീശൻ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിക്കാത്ത വാക്കുകളാണ് സ്ക്രീൻഷോട്ടിലേതെന്നും സതീശൻ പറഞ്ഞു. സൈബർ കുറ്റകൃത്യം ആയതുകൊണ്ട് അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് എംഎൽഎ മൂന്ന് ആഴ്‌ച മുൻപ് പറഞ്ഞത്.