കൊച്ചി: കൊ​ച്ചി​യി​ൽ സ്ത്രീ​ക​ളു​ടെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മ​ര​ട് എ​സ്ഐ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ​തി​രെ റജി​സ്റ്റ​ർ ചെ​യ്ത കേസ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഡ്രൈ​വ​ർ​ക്കെ​തി​രെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കു​റ്റം ചു​മ​ത്താ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

കേസെടുത്തത് അനാവശ്യ വകുപ്പുകൾ പ്രകാരമാണ്. പരാതി ലഭിച്ചാൽ അത് ശരിയായി പഠിക്കുകയും മനസിലാക്കുകയും ചെയ്ത ശേഷമെ കേസെടുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ, സ്ത്രീകളുടെ പരാതിയെ തുടർന്നാണ് കേസ് റജിസ‌്‌റ്റർ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നിലപാട് കേട്ട കോടതി, മുൻകൂർജാമ്യത്തിനായി ഷെഫീഖിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.

സെപ്റ്റംബർ 20 നാണ് കേസിനാസ്പദമായ സംഭവം. യൂബറിന്റെ പൂൾ ടാക്‌സി സംവിധാനത്തിൽ തൃപ്പൂണിത്തുറയിലേക്ക് യാത്ര ബുക്ക് ചെയ്ത യുവതികൾ കാറിൽ മറ്റൊരു യാത്രക്കാരനെ കയറ്റിയതു ചോദ്യം ചെയ്ത് ഷെഫീഖിനെ മർദിക്കുകയായിരുന്നു. കല്ലു കൊണ്ട് ആക്രമിച്ചെന്നും പൊതുസ്ഥലത്തു വച്ച് വസ്ത്രാക്ഷേപം നടത്തി അപമാനിച്ചെന്നുമാണ് ഷെഫീഖിന്റെ പരാതി. പൊലീസ് എത്തിയാണ് ഷെഫീഖിനെ ആശുപത്രിയിലാക്കിയത്.

എന്നാൽ താൻ ആശുപത്രി വിടും മുമ്പേ യുവതികൾ സ്വാധീനമുപയോഗിച്ച് ജാമ്യത്തിൽ പോയി. മാത്രമല്ല, ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി തനിക്കെതിരെ മരട് പൊലീസ് കേസെടുത്തെന്നും ഹർജിയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ