ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി മർദിച്ച കേസിൽ ഐ.പി.എസ് ഉദ്യോഗസ്ഥ ആർ.നിശാന്തിനിക്കെതിരെ സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചു. നിശാന്തിനിയെ
കുറ്റവിമുക്തയാക്കിയ റിപ്പോർട്ട് റദ്ദാക്കിയെന്നും പുതിയ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കോടതിയെ അറിയിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പൊലീസുകാർക്കെതിരെ അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ഉടൻ ഐ .ജി വിജയ് സാഖറെയ്ക്ക് റിപ്പോർട്ട്
സമർപ്പിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിശാന്തിനിക്കെതിരെ നടപടി എടുക്കാൻ ഹൈക്കോടതി നേരത്തെ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചത്.
ഐ.ജി മനോജ് എബ്രഹാമാണ് നിശാന്തിനിയെ കുറ്റവിമുക്തയാക്കി റിപ്പോർട്ട് നൽകിയത്. കോടതി ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും അന്വേഷണത്തിൽ പരിഗണിച്ചില്ലെന്ന്
കണ്ടെത്തിയാണ് മനോജ് എബ്രഹാം റിപ്പോർട്ട് സമർപ്പിച്ചത്. നിശാന്തിനി തൊടുപുഴ അസിസ്റ്റന്റ് കമ്മിഷ്ണറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ യുണിയൻ ബാങ്ക് മാനേജറായിരുന്ന പെഴ്സി ജോസഫിനെ നിശാന്തിനി കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് കേസ്.
വനിത പൊലീസ് ഉദ്യോഗസ്ഥ ലോണിനായി ബാങ്ക് മാനേജരെ സമീപിച്ചെങ്കിലും മാനേജർ അനുവദിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന കള്ള പരാതിയിൽ മാനേജരെ കുടുക്കുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പരാതി കളവാണെന്ന് തെളിഞ്ഞു.
തുടർന്ന് നിശാന്തിനിക്കും പൊലീസുകാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ബാങ്ക് മാനേജർ സ്വകാര്യ അന്യായം ഫയൽ ചെയ്തു. തുടർ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിലും എത്തി. നിശാന്തിനിക്കെതിരെ നടപടി വൈകുന്നതിൽ കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2011 ജൂലെെയിലാണ് പൊലീസ് മാനേജരെ കസ്റ്റഡിയിലെടുത്ത്
മർദിച്ചത്.