കൊച്ചി: ബാങ്ക് മാനേജരെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസിൽ പ്രതികളായ പൊലീസുകാർക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഇപ്പോൾ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാൻ രണ്ടും മൂന്നും പ്രതികൾ പ്രത്യേക ഹർജി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാരായണ പിഷാരടി കേസ് റദ്ദാക്കാൻ വിസമ്മതിച്ചത്. പ്രത്യേക ഹർജി സമർപ്പിക്കാൻ കോടതി പ്രതികൾക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു.
കേസ് ഒത്തുതീർന്നതായി ഒന്നാം പ്രതിയും ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ.നിശാന്തിനി കോടതിയെ അറിയിച്ചു. ആർക്കുതിമെതിരേ പരാതിയില്ലെന്നും തൊടുപുഴ കോടതിയിലെ കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും ബാങ്ക് മാനേജർ പെഴ്സി ജോസഫും കോടതിയെ അറിയിച്ചു. കേസ് ഫയൽ പരിശോധിച്ച കോടതി പ്രതികളായ പൊലീസുകാർ ഹർജി നൽകിയിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
Read Also: ബാങ്ക് മാനേജരെ മര്ദിച്ച കേസ്: അനുരഞ്ജനത്തിന് ശ്രമിക്കുകയാണെന്ന് നിശാന്തിനി ഐപിഎസ് ഹൈക്കോടതിയിൽ
നിശാന്തിനി സർവീസിന്റെ തുടക്കത്തിൽ തൊടുപുഴയിൽ എസിപി ചുമതലയിലിരിക്കെ യൂണിയൻ ബാങ്ക് മാനേജരായിരുന്ന പെഴ്സി ജോസഫിനെ കസ്റ്റഡിയിൽ മർദിച്ചത് വിവാദമായിരുന്നു. പെഴ്സി തൊടുപുഴ മുൻസിഫ് കോടതിയിൽ നൽകിയ നഷ്ടപരിഹാര ഹർജി 18.5 ലക്ഷം രൂപ നൽകി ഒത്തുതീർക്കുകയായിരുന്നു. ഹൈക്കോടതിയിൽ നടന്ന അനുരഞ്ജന ചർച്ചയിലാണ് കേസ് ഒത്തുതീർന്നത്. നിശാന്തിനി അടക്കമുള്ള പ്രതികൾക്കെതിരെ തൊടുപുഴ കോടതിയിലുള്ള കേസ് അവസാനിപ്പിക്കാനും ധാരണയായിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ കേസ് റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.
നിശാന്തിനിയുടെ സുഹൃത്തായ ടയർ കട ഉടമയുടെ വായ്പ പുതുക്കാൻ പെഴ്സി വിസമ്മതിച്ചതാണ് കസ്റ്റഡി മർദനത്തിന് വഴിവച്ചത്. കട ഉടമയായ യുവതി നിശാന്തിനിക്ക് പരാതി നൽകിയതോടെ വനിതാ പൊലീസുകാരിയെ മഫ്തി വേഷത്തിൽ ഇരുചക്ര വാഹന ലോണിന് ബാങ്കിലേക്ക് അയക്കുകയായിരുന്നു. ബാങ്ക് മാനേജർ ലോൺ നിഷേധിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമുള്ള വനിതാ കോൺസ്റ്റബിൾ പി.ഡി. പ്രമീളയുടെ കള്ളപ്പരാതിയിലാണ് പെഴ്സിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്.
പെഴ്സിയുടെ തന്നെ മറ്റൊരു ഹർജിയിൽ നിശാന്തിനിക്കെതിരെ നടപടിയെടുത്ത് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഇതേ തുടർന്ന് നിശാന്തിനിയെ കുറ്റവിമുക്തയാക്കിയ അന്വേഷണ റിപോർട്ട് റദ്ദാക്കിയതായി ഡിജിപി കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിലെ നടപടി റിപ്പോർട്ടിൽ ഇനിയും തീരുമാനമായിട്ടില്ല.