കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. കുറവിലങ്ങാട് പള്ളിയിൽ വെച്ചു നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പ് വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ ഓൾ ഇന്ത്യ ഇമാം കൗൺസിൽ നൽകിയ ഹർജിയിലാണ് നടപടി.
പരാമർശത്തിനു പിന്നാലെ കൗൺസിൽ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിൽ പൊലീസിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ ഇല്ലാതായതോടെയാണ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ബിഷപ്പിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വിവാദ പരാമർശത്തിനെതിരെ സംസ്ഥാനത്തിന്റെ പലമേഖലകളിലും നിന്നും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പരാമർശം പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും ഉയർന്നിരുന്നു.
Also Read: ക്നാനായ സമുദായാക്കാർ ഇതര സമുദായക്കാരെ വിവാഹം ചെയ്താൽ വിവാഹക്കുറി നൽകണം: സഭാ നേതൃത്വത്തോട് ഹൈക്കോടതി