തിരുവനന്തപുരം: പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍  വീഡിയോ പ്രചരണം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ട്വിറ്ററിലൂടെ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

രാമന്തള്ളി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൊലപാതകം ആഘോഷിക്കുന്ന സിപിഐഎം പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കഴിഞ്ഞ ദിവസം  വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് വീഡിയോ പരിശോധിച്ച് കേസെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം പൊലീസിന് നിര്‍ദേശവും നല്‍കിയിരുന്നു.

ട്വിറ്ററിലായിരുന്നു കുമ്മനം വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചെറുപ്പക്കാര്‍ ബാന്‍ഡ് മേളവുമായി നടന്ന് നീങ്ങുന്നതും നൃത്തം വയ്ക്കുന്നതും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

പതിമൂന്നാം തീയ്യതി ഉച്ചയ്ക്ക് 12:08 ഓടെ കുമ്മനം ട്വീറ്റ് ചെയ്ത വീഡിയോയില്‍ #JungleRajinKerala എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. എഴുന്നൂറിലേറെ പേര്‍ റീട്വീറ്റ് ചെയ്തിട്ടുള്ള ഈ ട്വീറ്റ് അനധിപേര്‍ ലൈക് ചെയ്തിട്ടുമുണ്ട്. ബിജുവിന്‍റെ കൊലപാതകവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധമില്ല എന്നും മറ്റേതോ ചടങ്ങിന്‍റെ ഭാഗമായി പോവുന്ന ബാന്‍ഡ് മേളത്തോടുകൂടിയ ആഘോഷപ്രകടനമാണ് അത് എന്നും പലകോണുകളില്‍ നിന്നും മറുപടി ട്വീറ്റുകള്‍ ഉണ്ടായിരുന്നു. വീഡിയോയില്‍ ശബ്ദത്തില്‍ കൃത്രിമത്വമുണ്ട്.

മുദ്രാവാക്യം വിളിയോ പാര്‍ട്ടിയുടെ കൊടിയോ ചിഹ്നങ്ങളോ ഒന്നും ദൃശ്യമല്ല. ഈ വീഡിയോ സിപിഎം ആഘോഷമെന്ന് പറഞ്ഞ് ആര്‍എസ്എസും ആഘോഷമാക്കി. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ