പത്തനംതിട്ട: കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എയ്ക്കെതിരായ കേസ് ഒത്തുതീര്‍പ്പായി. കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ എംഎല്‍എ മര്‍ദ്ദിച്ചെന്നായിരുന്നു കേസ്. പുനലൂര്‍ എന്‍എസ്എസ് ആസ്ഥാനത്തുവച്ച് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വിവാദത്തിന് അവസാനമാകുന്നത്.
യുവാവിന്റെ അമ്മയുടെ മുന്നില്‍ വച്ച് എംഎല്‍എ കൈയ്യേറ്റം ചെയ്തെന്നായിരുന്നു പരാതി. ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര്.ബാലകൃഷ്ണപ്പിള്ള, ഗണേഷ് കുമാര്‍ എംഎല്‍എ, മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍എസ്എസ് നേതാക്കള്‍ തുടങ്ങിയവര്‍ അനുനയചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ബാലകൃഷ്ണ പിള്ളയും, ഗണേഷ് കുമാറും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അഞ്ചല്‍ അഗസ്ത്യകൂടത്ത് വച്ച് ഗണേഷ് കുമാറും പിഎയും ചേര്‍ന്ന് അനന്തകൃഷ്ണന് എന്ന യുവാവിനെ മര്‍ദ്ദിക്കുകയും അമ്മ ഷീനയെ അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു എംഎല്‍എയ്ക്കെതിരായ പരാതി. തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്.
കേസ് അന്വേഷിച്ചിരുന്ന അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയിരുന്നു. സിഐ മോഹന്‍ദാസിനെയാണ് കോട്ടയം പൊന്‍കുന്നത്തേക്ക് സ്ഥലം മാറ്റിയത്. സിഐയെ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചത് വിവാദമായിരുന്നു. സംഭവത്തിന് സാക്ഷിയായിരുന്നു സിഐയെന്നും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നുമാണ് ആരോപണമുയര്‍ന്നത്.
ഗണേഷ് കുമാറിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള കേസുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കം ഉണ്ടാവുമെന്ന സാഹചര്യം വന്നതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായത്.