കൊച്ചി: മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അടിയന്തര നടപടി എടുക്കുമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിനെതിരായ സാമ്പത്തിക കുറ്റകൃത്യം നിലനിൽക്കുമെന്ന് എൻഫോഴ്സ്മെന്റിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി.വിജയകുമാർ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.
നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിനു ചുമതലയുള്ള മാധ്യമ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത 10 കോടി നിക്ഷേപിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ജി.ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിയാണ് എൻഫോഴ്സ്മെന്റ് തീരുമാനം അറിയിച്ചത്. സാമ്പത്തിക കുറ്റകൃത്യം നിലനിൽക്കുമെന്ന് വിജിലൻസും കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയ റിപ്പോർട്ടും കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച രേഖകളും എൻഫോഴ്സ്മെന്റിനു കൈമാറാൻ വിജിലൻസിന് കോടതി നിർദേശം നൽകി.
Read Also: സച്ചിനെ 91 ൽ പുറത്താക്കിയതിനു പിന്നാലെ വധഭീഷണി; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് മുൻ പേസർ
കേസിൽ നിന്ന് പിൻമാറാൻ ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്തെന്നുമുള്ള ഗിരീഷ് ബാബുവിന്റെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് കോടതി പരിശോധിക്കും. കോടതി നിർദേശപ്രകാരമാണ് വിജിലൻസ് ഐജി എച്ച്.വെങ്കിടേഷ് റിപോർട്ട് സമർപ്പിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ, ഗിരീഷ് ബാബു, ലീഗ് നേതാക്കൾ തുടങ്ങിയവരെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഗിരീഷ് ബാബു തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി.
ഹൈക്കോടതി രഹസ്യ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു വിജിലൻസ് ഇബ്രാഹിംകുഞ്ഞടക്കമുള്ളവരെ ചോദ്യം ചെയ്തത്. കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞും മകനും താനുമായി കരാർ ഉണ്ടാക്കാൻ ശ്രമിച്ചെന്നും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നുമാണ് ഗിരീഷ് കുമാറിന്റെ പരാതി. യുഡിഎഫ് കളമശേരി മണ്ഡലം ചെയർമാൻ കെ.എസ്.സുജിത് കുമാർ വഴി കരാർ ഉണ്ടാക്കാൻ ശ്രമിച്ചതിനുപിന്നിൽ ഇബ്രാഹിംകുഞ്ഞും മകനുമാണെന്നും ഇവർ തന്നെ ഫോണിലും നേരിട്ടുകണ്ടും സംസാരിച്ചുവെന്നുമായിരുന്നു ഗിരീഷ് കുമാറിന്റെ മൊഴി.