തിരുവനന്തപുരം: മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പരാതിക്കാരിയായ മാധ്യമ പ്രവർത്തക സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താനും മുൻമന്ത്രിയും തമ്മിൽ ക്രിമിനൽ കേസിനിടയാക്കിയ പ്രശ്നങ്ങൾ കോടതിക്ക്​ പുറത്ത്​ ഒത്തുതീർപ്പാക്കിയ സാഹചര്യത്തില്‍ പരാതിയും തുടര്‍നടപടികളും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താനുള്ള നടപടികള്‍ എളുപ്പമാകും.

തിരുവനന്തപുരം സിജെഎം കോടതിയില്‍ ശശീന്ദ്രനെതിരെ നല്‍കിയ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന് മാധ്യമപ്രവര്‍ത്തക പിന്നീട് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിപരമായി മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്​ പരാതിക്കിടയാക്കിയത്​. ഇക്കാര്യത്തിൽ പൊതുതാൽപര്യം നിലനിൽക്കുന്നില്ല. പ്രശ്നം ഒത്തുതീർന്നതിനാൽ കേസ് തുടരുന്നത്​ കോടതി നടപടികളുടെ ദുരുപയോഗമാകുമെന്നും ഹരജിയില്‍ ചൂണ്ടികാണിക്കുന്നു.

മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ ശ്രമിക്കുന്ന എ കെ ശശീന്ദ്രന് ഏറെ നിര്‍ണായകമാണ് ഹൈക്കോടതിയുടെ മുന്നിലുള്ള ഹരജി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകള്‍ റദ്ദാക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ 2015ലെ വിധി. കേസുകളില്‍ നിന്ന് പരാതിക്കാരി പിന്‍മാറിയാലും ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമായി പരിഗണിക്കണമെന്നാണ് വിധി.

എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ചര്‍ച്ച നടത്തിയിരുന്നു. വൈക്കം വിശ്വനുമായുള്ള ചര്‍ച്ച വിജയകരമാണ്. എ.കെ.ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമില്ലന്നും ടി.പി.പീതാംബരന്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ