കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചന്ദ്രിക ദിനപത്രത്തെ കക്ഷി ചേർക്കാനാവില്ലെന്ന് ഹൈക്കോടതി. കക്ഷി ചേർക്കണമെന്ന പത്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു. പത്രപ്രചാരണത്തിന്റെ ഭാഗമായി സമാഹരിച്ച  10 കോടി രൂപയാണ് പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്ന വാദം കോടതി തള്ളി.

പത്രത്തിന്റെ അക്കൗണ്ടിൽ ദുരുപയോഗം നടന്നെന്നും അക്കൗണ്ടിലേക്ക് ഒരാൾ പണം നിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ലഭിച്ച പണമാണെങ്കിൽ, അത് ഒരാൾക്ക് മാത്രമായി എങ്ങനെ നിക്ഷേപിക്കാനാവുമെന്നു കോടതി ആരാഞ്ഞു. സ്ഥാപനത്തിന്റെ അന്തസിന്റെ വിഷയമാണെന്ന ചന്ദ്രികയുടെ വാദവും കോടതി കണക്കിലെടുത്തില്ല. അക്കൗണ്ടിൽ കണക്കില്ലാത്ത പണം നിക്ഷേപിച്ചെന്നാണ് പരാതിയെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്: ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം തേടി

എൻഫോഴ്‌സ്‌മെന്റിനെ കേസിൽ കോടതി കക്ഷിചേർത്തു. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞ് ഗവേണിങ് ബോഡി ചെയർമാനായ പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച് കണക്കിൽപ്പെടാത്ത 10 കോടി രൂപ വെളുപ്പിച്ചെന്നും ഇത് പാലാരിവട്ടം പാലം അടക്കമുള്ള സർക്കാർ പദ്ധതികളിൽ നിന്ന് ലഭിച്ച അഴിമതിപ്പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കൊച്ചി നഗരത്തിലെ ശാഖകളിൽ നിക്ഷേപിച്ച പണത്തിന് രണ്ടരക്കോടി രൂപ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു.

ഇബ്രാഹിം കുഞ്ഞ് ഇതുവരെ കേസിൽ പ്രതിയല്ലന്നും സർക്കാർ പ്രതിയാക്കിയാൽ
ഉടൻ കേസെടുക്കുമെന്നും എൻഫോഴ്സ്മെൻറ് കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണെന്ന് വിജിലൻസ് ആവർത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.