കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ചുമതല വഹിക്കുന്ന മാധ്യമ സ്ഥാപനം കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം തേടി. കേസിൽ കക്ഷി ചേരാൻ മാധ്യമ സ്ഥാപനം കോടതിയുടെ അനുമതി തേടി. ഇബ്രാഹിം കുഞ്ഞ് ഗവേണിങ് ബോഡി ചെയർമാനായ മാധ്യമ സ്ഥാപനം കണക്കിൽപ്പെടാത്ത 10 കോടി രൂപ വെളുപ്പിച്ചെന്ന കേസിലാണ് ജസ്റ്റിസ് സുനിൽ തോമസ് എൻഫോഴ്സ്മെന്റിന്റെ വിശദീകരണം തേടിയത്.
ഉറവിടം വെളിപ്പെടുത്താത്ത ഈ പണം ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരിക്കെ വിവിധ പദ്ധതികളിൽനിന്ന് ലഭിച്ച അഴിമതിപ്പണമാണെന്നാണ് ആരോപണം. പഞ്ചാബ് നാഷണൽ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കൊച്ചി നഗരത്തിലെ ശാഖകളിൽ നിക്ഷേപിച്ച പണത്തിന് രണ്ടരക്കോടി രൂപ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു.
അനധികൃത പണത്തിന്റെ വിശദാംശങ്ങളും പിഴ ഈടാക്കിയതിന്റെ രേഖകളും ആവശ്യപ്പെട്ട് സമർപ്പിച്ച വിവരാവാശ അപേക്ഷ ആദായ നികുതി വകുപ്പ് തള്ളിയിരിക്കുകയാണ്. അപേക്ഷയിൽ മറുപടി നൽകരുതെന്ന മാധ്യമ സ്ഥാപനത്തിന്റെ എതിർപ്പ് കണക്കിലെടുത്താണ് ആദായ നികുതി വകുപ്പ് മറുപടി നിരസിച്ചത്.