scorecardresearch
Latest News

ജോജുവിന്റെ പരാതി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്തതിനും ആക്രമിക്കാന്‍ ശ്രമിച്ചതിനുമെതിരായ കേസുകൾ റദ്ദാക്കിയ കോടതി പൊതുഗതാഗതം തടസപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്നു വ്യക്തമാക്കി

ജോജുവിന്റെ പരാതി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി.

അതേസമയം, ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്തതിനെതിരെയും ആക്രമിക്കാന്‍ ശ്രമിച്ചതിനും അസഭ്യവര്‍ഷം നടത്തിയതിനുമെതിരായ കേസുകള്‍ കോടതി റദ്ദാക്കി. കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്നും കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കുറ്റങ്ങള്‍ കോടതി റദ്ദാക്കിയത്.

എന്നാല്‍ വ്യക്തിപരമായ പരാതി പിന്‍വലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണിയാണു കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണു ഹര്‍ജി പരിഗണിച്ചത്.

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ജോജു ജോര്‍ജിനെതിരെ കയ്യേറ്റശ്രമമുണ്ടായത്. ജോജുവിന്റെ വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

ജോജുവിന്റെ റേഞ്ച് റോവര്‍ വാഹനത്തിന്റെ പുറകിലെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. ഇതിന്റെ പേരില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

വാഹനം തല്ലിത്തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ടു പേര്‍ക്കെതിരെയും വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Case against congress leaders cannot be quashed says kerala high court actor joju george