കൊച്ചി: സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്ററും പാലക്കാട് രൂപതാ അധ്യക്ഷനുമായ മാര്‍. ജേക്കബ് മനത്തോടത്തിനെതിരെ കേസ്. കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ബിഷപ് രണ്ടാം പ്രതിയാണ്. ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാന്‍ വ്യാജ രേഖകള്‍ ചമച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഫാദര്‍ പോള്‍ തേലക്കാടിനെ ഒന്നാം പ്രതിയാക്കി നേരത്തെ കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്.

സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സാന്റെ തോമസിലെ​ ഇന്റർനെറ്റ് മിഷ​​ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോബി മാപ്രകാവിലിന്റെ​ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കർദിനാൾ ജോർജ് ആലഞ്ചേരി സാമ്പത്തിക കുറ്റകൃത്യം ചെയ്തെന്ന് വരുത്തിതീർത്ത് സിനഡിന് മുന്നിൽ അപമാനിക്കാൻ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്നാണ് പരാതി. ജനുവരി ഏഴിന് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡിൽ കർദിനാൾ ജോർജ് ആലഞ്ചേരി വ്യവസായികൾക്ക് കോടികൾ മറിച്ചു നൽകിയതിന്റെ രേഖകളുമായാണ് ഫാ.പോൾ തേലക്കാട്ട് എത്തിയത്. രേഖകൾ സിനഡിന് മുന്നിൽ വച്ച ഫാ.പോൾ തേലക്കാട്ട് കർദിനാളിന്റെ രാജിയും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ രേഖകൾ വ്യജമാണെന്ന് സഭ നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് പരാതിയിൽ പറയുന്നു. കർദിനാൾ ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ