കൊച്ചി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരായ അപകീര്‍ത്തിക്കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്. പ്രളയസമയത്ത് യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം.

അർണബിന്റെ പരാമർശങ്ങൾ കേരളീയർക്ക് അപമാനകരവും മലയാളിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്നതുമാണെന്ന് ആരോപിച്ച് സിപിഎം നേതാവ് പി.ശശിയാണ് അർണബിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തത്.

Read More: അർണബ് ഗോസ്വാമി കേരളത്തിന് 10 കോടി നൽകി മാപ്പു പറയണം: പി.ശശി

മാനനഷ്ടക്കേസാണ് നോട്ടീസിൽ ആരോപിച്ചിരുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമല്ല, മറിച്ച് ഒരു ജനതയെ മൊത്തം അപമാനിക്കുന്ന രീതിയിൽ നടത്തിയ പരാമർശങ്ങൾക്ക് അർണബ് മാപ്പ് പറയണം എന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഒപ്പം 10 കോടി രൂപ അർണബ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

ഒരു രാജ്യത്തെ ജനങ്ങളെ വിഭജിച്ച് കലാപം ഉണ്ടാക്കാനുള്ള ശ്രമമായാണ് അർണബിന്റെ പ്രവൃത്തിയെ നോക്കി കാണുന്നതെന്നും പി.ശശി മാധ്യമങ്ങളോടു പറഞ്ഞു. നോട്ടീസിൽ പറയുന്ന കാര്യങ്ങൾ അർണബ് മുഖവിലയ്ക്കെടുത്തില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പി.ശശി വ്യക്തമാക്കി.

Read More: ‘ഡിയർ അർണാബ് ജീ… നിങ്ങൾ തളത്തിൽ ദിനേശനെ അറിയണം’ അര്‍ണബ് ഗോസ്വാമിക്ക് ഒരു മലയാളിയുടെ തുറന്ന കത്ത്

യുഎഇ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കേന്ദ്രം ഇടപെട്ട് റദ്ദ് ചെയ്തെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട്, യുഎഇ അങ്ങനെയൊരു സഹായം വാഗ്ദാനം ചെയ്തിതിട്ടില്ലെന്ന റിപ്പോർട്ടുകളും വന്നു. സാമ്പത്തിക സാഹയം കേന്ദ്രം മുടക്കി എന്ന തരത്തിൽ മലയാളികൾ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെയാണ് അർണബ് ഗോസ്വാമി ചാനൽ ചർച്ചയിൽ മോശം പരാമർശം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.