തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്‌കാരിക മന്ത്രി എകെ ബാലന്റെ നിലപാടിനെ തള്ളിക്കൊണ്ടാണ് കാനം രംഗത്തെത്തിയത്.
തീരുമാനിച്ച അവാര്‍ഡ് മാറ്റാനാകില്ലെന്നും ഒരു മന്ത്രിയ്ക്കു അതില്‍ ഇടപെടാനാകില്ലെന്നും കാനം പറഞ്ഞു. സിനിമാ അവാര്‍ഡ് തീരുമാനിച്ച ശേഷം ആരെങ്കിലും പറഞ്ഞാല്‍ അത് മാറ്റുമോ എന്നും കാനം ചോദിച്ചു.
കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നില്ലെന്നായിരുന്നു സാസ്‌കാരിക മന്ത്രി എകെ ബാലന്റെ പ്രതികരണം. സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമ്പോള്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിക്കും എന്ന് മുന്‍കൂട്ടി കാണാന്‍ മുന്നണിയ്ക്ക് കഴിഞ്ഞില്ലെന്നും കാനം പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചതായി വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ ഭരണഘടനയ്ക്ക് മേല്‍ വിശ്വാസത്തെ സ്ഥാപിക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിയില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും കാനം അഭിപ്രായപ്പെട്ടു.