മലപ്പുറം: വിദ്യാഭ്യാസരംഗത്ത് മാറ്റത്തിന്രെ തിരയിളക്കം സൃഷ്ടിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ ദേവദാർ ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍സ്കൂൾ. സാമൂഹികമായി ഏറെ പിന്നാക്കം നിൽക്കുന്ന ഒരിടത്ത് നിന്നും മുന്നോട്ടുളള കുതിപ്പിന്രെ പ്രകാശരേണുക്കൾ പടർത്തുകയാണ് ഈ സർക്കാർ സ്കൂൾ. ആത്മാർത്ഥതയും അനുഭാവവും കൊണ്ട് മാറ്റത്തിന്റെ പാഠം പഠിപ്പിക്കുയാണ് ഈ​സ്കൂൾ.

കഴിഞ്ഞ തവണ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിരുത്തിയ സർക്കാർ സ്കൂളുകളിലൊന്നാണ് ഈ ഹയര്‍ സെക്കൻഡറി സ്‌കൂള്‍. ഇത്തവണ നൂറു ശതമാനം വിജയം ലക്ഷ്യമിട്ട് കെയര്‍, ഷെയര്‍ ആന്റ് ഫെയര്‍ എന്ന പേരില്‍ പ്രത്യേക പരിശീലന പദ്ധതിയിലൂടെയാണ് സംസ്ഥാനത്തിനൊട്ടാകെ മാതൃകയായി ഈ സ്കൂൾ മാറുന്നത് . ഒരു കൂട്ടം അധ്യാപകര്‍ ചേര്‍ന്ന് രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യുന്നതാണ് ഈ​ പദ്ധതി.

വിദ്യാർത്ഥികളുടെ ഇതുവരെയുളള അവരുടെ പഠനനിലവാരത്തിന്രെ അടിസ്ഥാനത്തിലാണ് ഈ​ പദ്ധതി നടപ്പാക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമിക് നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോരുത്തര്‍ക്കും ആവശ്യമായ ശ്രദ്ധ നല്‍കുന്നതാണ് പദ്ധതി. മിഡ് ടേം പരീക്ഷകളിലെ പ്രകടനം വിലയിരുത്തിയാണ് 799 വിദ്യാര്‍ത്ഥികളുടെ ഓരോ വിഷയത്തിലുമുള്ള നിലവാരം തിട്ടപ്പെടുത്തിയത്.

ഇതു പ്രകാരം ശരാശരിക്കും താഴെ മാര്‍ക്കു വാങ്ങിയവരെ കെയര്‍ എന്ന പ്രത്യേകം ശ്രദ്ധ വേണ്ട വിഭാഗത്തിലുള്‍പ്പെടുത്തി. ഇവര്‍ക്ക് തീവ്രപരിശീലന പ്രചോദന ക്ലാസുകള്‍ നല്‍കി വരുന്നു.

ശരാശരി വിദ്യാര്‍ത്ഥികളെ ഷെയര്‍ എന്ന ഗ്രൂപ്പിലാക്കി. ഇവര്‍ക്ക് ശ്രദ്ധ നൽകുന്നു. പങ്കുവയ്ക്കലുകളിലൂടെയാണ് ഇവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഫെയര്‍ ഗ്രൂപ്പില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിക്കാനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്.

devathar school at thanoor in malppuram practicing new project in sslc exam

ഈ വര്‍ഗീകരണം വിഷയാധിഷ്ടിതമാണ്. എന്നതു കൊണ്ട് തന്നെ വിവേചനം ഉണ്ടാകുന്നില്ല. ഉദാഹരണത്തിന് കണക്കില്‍ ശരാശിക്കു താഴെ മാര്‍ക്കു വാങ്ങി കെയര്‍ ഗ്രൂപ്പിലുള്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി ഒരു പക്ഷേ ഇംഗ്ലീഷില്‍ മികച്ച മാര്‍ക്ക് വാങ്ങി ഫെയര്‍ ഗ്രൂപ്പിലും ഉള്‍പ്പെടാം. ഓരോ വിഷയങ്ങളിലേയും കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് അവര്‍ക്കാവശ്യമായ രീതിയില്‍ പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് സ്‌കൂളിലെ അക്കാദമിക് കോഓഡിനേറ്റര്‍ടി. സജീവ് പറയുന്നു.

ജില്ലാ പഞ്ചായത്ത് വര്‍ഷങ്ങളായി നടത്തുന്ന പത്താം ക്ലാസ് പ്രകടനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിജയഭേരി പദ്ധതിയുടെ ഭാഗമായാണ് ദേവദാര്‍ സ്‌കൂള്‍ അധ്യാപകര്‍ പ്രത്യേക പദ്ധതി തയാറാക്കിയത്. വിജയഭേരിയുടെ സ്‌കൂളിലെ കോഓഡിനേറ്റര്‍മാരായ ഷീബ. ടി, ജിബിന. ബി എന്നീ അധ്യാപികമാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു നിന്ന് വിദഗ്‌ധരെ കൊണ്ടുവന്ന് പ്രത്യേക പ്രചോദന ക്ലാസുകളും നല്‍കുന്നുണ്ട്. ദിവസവും വൈകുന്നേരം നാലു മണിക്ക് ശേഷമാണ് ഇവര്‍ക്കുള്ള ക്ലാസുകള്‍ നടക്കുന്നത്. പാഠഭാഗങ്ങളെല്ലാം ഇതനികം പൂര്‍ത്തീകരിച്ചതിനാല്‍ ജനുവരി മുതല്‍ എല്ലാ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും കെയര്‍, ഷെയര്‍ ആന്റ് ഫെയര്‍ പദ്ധതിയുടെ പ്രത്യേക പാഠ്യ പദ്ധതി അനുസരിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. ഇതിനായി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപകരും സഹായിക്കുന്നുണ്ട്. കൂടാതെ സ്‌കൂളില്‍ നിന്നും നേരത്തെ സ്ഥലം മാറിപ്പോയ അധ്യാപകര്‍, സ്വയം സന്നദ്ധരായി വരുന്ന തൊട്ടടുത്ത സ്‌കൂളുകളിലെ അധ്യാപകര്‍ എല്ലാം സൗകര്യങ്ങള്‍ക്കനുസരിച്ച് ക്ലാസുകള്‍ എടുക്കാന്‍ സ്‌കൂളിലെത്തുന്നുണ്ട്. ഇത് കുട്ടികളില്‍ നല്ല ഫലം ഉണ്ടാക്കിയിട്ടുണ്ടെന്ന് സജീവ് പറയുന്നു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന തീരദേശ മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ആശ്രയമായ ഈ സര്‍ക്കാര്‍ സ്കൂൾ അവതരിപ്പിച്ച പദ്ധതിക്ക് രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും സഹായവും പിന്തുണയും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ