കൊച്ചി: ഭൂമി വിൽപ്പനവിവാദത്തിന്രെ പേരില്‍ തര്‍ക്കം തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ കാര്യങ്ങള്‍ പുതിയ തലത്തിലേക്കു നീങ്ങുന്നു. വിവാദ ഭൂമി കുംഭകോണം അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടും ഭൂമി വില്‍പ്പനയ്ക്കു നേതൃത്വം നല്‍കിയ ഫാദര്‍ ജോഷി പുതുവയോടും മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വടക്കുംപാടനോടും വിശദീകരണം തേടി. വൈദിക സമിതിയുടെ നേതൃത്വത്തില്‍ മാര്‍പാപ്പയ്ക്കു പരാതി നല്‍കുന്നതിനു മുന്നോടിയായാണ് വിശദീകരണം തേടിയത്.

ഡിസംബര്‍ 30-ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള സുപ്രധാന ഭാഗങ്ങളും വൈദിക സമിതി ഒപ്പിട്ട പരാതിയും മാര്‍പാപ്പയ്ക്ക് അയക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ കര്‍ദിനാളിന്റെയും വൈദികരുടെയും വിശദീകരണം ലഭിക്കാന്‍ വൈകിയതോടെ റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് അയക്കുന്നത് ജനുവരി നാലുവരെ വൈകിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുമ്പ് വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഒന്നും പറയാനില്ലെന്നു കരുതി പരാതിയും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും മാര്‍പാപ്പയ്ക്ക് അയക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് മുതിര്‍ന്ന വൈദികര്‍ നല്‍കുന്ന സൂചന. അതേസമയം കര്‍ദിനാളിനെതിരെ സഭാംഗങ്ങളായ വൈദികര്‍ പരസ്യമായി നടത്തുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ തടഞ്ഞ് സഭാ നേതൃത്വം രംഗത്തെത്തിയെങ്കിലും ഇടഞ്ഞു നില്‍ക്കുന്ന വൈദികര്‍ ഇതിനോടു മുഖം തിരിക്കുകയായിരുന്നു. ഭൂമി വിഷയത്തില്‍ എന്താണു സംഭവിച്ചതെന്നു കര്‍ദിനാള്‍ തുറന്നു പറയാന്‍ തയാറായാല്‍ തങ്ങള്‍ പരസ്യപ്രതികരണം നടത്തുന്നതു നിര്‍ത്തുമെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമി വില്‍പ്പനയില്‍ പണം നഷ്ടപ്പെട്ട വിവരത്തെക്കുറിച്ചു തിരക്കാനെത്തിയെ വൈദികരോട് ‘വിതിന്‍ ത്രീ വീക്ക്‌സ് ഐവില്‍ മാനേജ് ഇറ്റ്” എന്നാണു കര്‍ദിനാള്‍ പറഞ്ഞതെന്ന് ഒരു വിഭാഗം വൈദികർ അവകാശപ്പെടുന്നു. എന്നാല്‍ മൂന്നാഴ്ചയ്ക്കു ശേഷവും നടപടിയുണ്ടാവാതിരിക്കുകയും കര്‍ദിനാള്‍ മൗനംതുടരുകയും ചെയ്ത സാഹചര്യത്തിലാണ് വൈദികര്‍ പരസ്യ പ്രതിഷധവുമായി രംഗത്തെത്തിയതും തുടര്‍ന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചതും നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ ഇറക്കിയതുമെന്ന് വൈദികർ പറയുന്നു.

we support alancheri news

കർദിനാൾ ആലഞ്ചേരിയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്യാംപെയിൻ

അതേസമയം കര്‍ദിനാളിനെ അനുകൂലിച്ച് ഒരുവിഭാഗം സോഷ്യല്‍ മീഡിയയിലൂടെ “വി സപ്പോര്‍ട്ട് ആലഞ്ചേരി” എന്ന പേരില്‍ ക്യാംപെയിനും നടത്തുന്നുണ്ട്. ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ടവരാണിതെന്നാണ് കരുതുന്നത്. അവർ ഉന്നയിക്കുന്ന ചില വിഷയങ്ങളാണ് അങ്ങനെ സംശയം ഉയരുന്നതിന് കാരണായി പറയുന്നത്. കുര്‍ബാന ക്രമവുമായി ബന്ധപ്പെട്ട കര്‍ദിനാളിന്റെ നടപടികളില്‍ താല്‍പര്യമില്ലാത്ത എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട വൈദികരാണ് കര്‍ദിനാളിനെതിരായ ഇത്തരം നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ചങ്ങനാശേരി അതിരൂപതാംഗമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുര്‍ബാന ആരാധന ക്രമത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലി അതിരൂപതയും ചങ്ങനാശേരി അതിരൂപതയും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. അതേസമയം കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി വിവാദം ഇത്രത്തോളം മൂർച്ഛിച്ചിട്ടും ചങ്ങനാശേരി അതിരൂപതയിലെ വൈദികരോ വിശ്വാസികളോ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ലായെന്നതാണ് ശ്രദ്ധേയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ