കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാനുളള വൈദിക സമിതി യോഗം മാറ്റിവച്ചു. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. കർദിനാളിനെതിരെ ആരോപണം ഉയരുന്നതും കർദിനാളിനെ തടയുന്നതും അതിനാൽ യോഗം മാറ്റിവെയ്കുന്നതും ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്ന് മുതിർന്ന ഒരു വൈദികൻ പറയുന്നു. വിവാദങ്ങളെ സമാധാനപരമായി ചർച്ച ചെയ്തു പരിഹരിക്കുകയാണ് സഭയുടെ രീതിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

യോഗത്തിൽ കർദിനാൾ മാർ  ജോർജ് ആലഞ്ചേരി  പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അൽമായ പ്രതിനിധകളായ മൂന്നുപേർ അദ്ദേഹത്തെ തടഞ്ഞു. അതിനാലാണ് കർദിനാൾ യോഗം മാറ്റിവച്ചതെന്നും വൈദികരുടെ പ്രതിനിധിയായ  കുര്യാക്കോസ് മുണ്ടാടൻ മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തിൽ പങ്കെടുക്കാൻ  വൈദിക സമിതിയിലെ അംഗങ്ങളായവർ എത്തിയെങ്കിലും കർദിനാൾ യോഗത്തിൽ പങ്കെടുക്കരുതെന്ന്  ആവശ്യപ്പെട്ട് അൽമായരുടെ പ്രതിനിധികളായ മൂന്നു പേർ കർദിനാളിനെ തടഞ്ഞു. അൽമായരുടെ പ്രതിഷേധത്തെ തുടർന്ന് കർദിനാൾ വൈദിക യോഗം മാറ്റിവച്ചതായി കുറിപ്പ് നൽകുകയായിരുന്നുവെന്ന്  വൈദിക പ്രതിനിധി പറഞ്ഞു. വിശ്വാസികളായതിനാലാണ് അൽമായരുടെ പ്രതിനിധികളെ ബലം പ്രയോഗിച്ച് മാറ്റാത്തതെന്നും കുര്യാക്കോസ് മുണ്ടാടൻ അഭിപ്രായപ്പെട്ടു.

പാസ്റ്ററൽ കൗൺസിലിൽ അവതരിപ്പിച്ച ശേഷം മാത്രമേ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്  വൈദിക കൗൺസിലിൽ അവതരിപ്പിക്കേണ്ടതുളളൂവെന്ന്  എന്ന ആവശ്യം ഉന്നയിച്ചാണ്  അൽമായ പ്രതിനിധികൾ കർദിനാളിനെ തടഞ്ഞതെന്ന് പറയപ്പെടുന്നു. എറണാകുളം അങ്കമാലി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്നതായും അൽമായർ ആരോപിക്കുന്നു.

ഭൂമി വിൽപ്പന വിവാദത്തെ കുറിച്ച്  അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നത് മാറ്റിവച്ചു. വിവാദമുയർന്നതിനെ തുടർന്നാണ് കർദിനാൾ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആറംഗം കമ്മീഷനെ നിയോഗിച്ചിരുന്നത്.  ജനുവരി 31 നാണ് അന്തമി റിപ്പോർട്ട് സമർപ്പിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഭൂമി വിവാദം കൈവിട്ടു പോയതോടെ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കുകയായിരന്നു.

എന്നാൽ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും കർദിനാളിനെ ഒറ്റപ്പെടുത്താനുളള നീക്കമാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. അതിന്രെ തുടർച്ചയിലാണ് വൈദിക സമിതി യോഗം നടക്കുന്നതിന് മുമ്പ് അൽമായരുടെ പ്രതിനിധികളായ മൂന്നുപേർ കർദിനാൾ യോഗത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഇന്നത്തെ വൈദിക യോഗത്തിന് ശേഷം കർദിനാളിനെതിരെ മാർപാപ്പയ്ക്ക് പരാതി നൽകണമെന്ന ആവശ്യം വൈദികരിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. വർഷങ്ങളായി സഭയ്ക്കുളളിൽ പുകഞ്ഞു നിന്നിരുന്ന വിവിധ ഭിന്നതകളാണ് ഇപ്പോൾ ഭൂമി വിവാദത്തോടെ പൊട്ടിപ്പുറത്തുവരുന്നത്. ആരാധനക്രമം ഉൾപ്പടെയുളള വിഷയങ്ങളിലും പളളി നിർമ്മാണം പോലുളള കാര്യങ്ങളിലുമുളള അഭിപ്രായ വ്യത്യാസങ്ങളാണ് ചേരി തിരിവിന് കാരണമായ പ്രധാന കാരണങ്ങൾ. ഇതിന് പുറമെ വിവിധ രൂപതകൾ തമ്മിലുളള വലിപ്പ ചെറുപ്പ തർക്കങ്ങളും ഇതിന് പിന്നിലുണ്ടെന്നും വൈദികരും അൽമായരും ആരോപിക്കുന്നു.

അന്വേഷണകമ്മീഷൻെറ പ്രാഥമിക റിപ്പോർട്ടിൽ ഭൂമി വിൽപ്പനയിൽ ക്രമക്കേടും നഷ്ടവും സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടായിരുന്നു. അന്തിമ റിപ്പോർട്ടിലും സഭയ്ക്കു നഷ്ടമുണ്ടായി എന്ന വിലയിരുത്തൽ ഉണ്ടെന്നും ഈ ഇടപാടിൽ കർദിനാളിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് റിപ്പോർട്ടെന്നും രാവിലെ വാർത്തകൾ വന്നിരുന്നു.

സാമ്പത്തികപ്രശ്നം മാത്രമല്ല, ഈ ഭൂമി വിൽപ്പന ഇടപാട് ഉയർത്തുന്നതെന്നും ചില ധാർമ്മിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും വൈദികർ നേരത്തെ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇടക്കാല റിപ്പോർട്ടിൻെറ പശ്ചാത്തലത്തിൽ രണ്ട് വൈദികർക്കെതിരെ നടപടിയെടുത്തിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.