തൊടുപുഴ: കനത്ത മഴയും പ്രളയവും ഉരുൾപൊട്ടലും മൂലം ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഏലം വില മുന്നോട്ടു കുതിക്കുന്നു. വില വര്‍ധിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ടെങ്കിലും പ്രളയത്തില്‍ വന്‍തോതില്‍ ഏലച്ചെടികള്‍ നശിച്ചത് ഉല്‍പ്പാദനത്തില്‍ വന്‍തോതിലുള്ള കുറവുണ്ടാക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 350 കോടി രൂപയുടെ ഉൽപ്പാദന നഷ്ടമുണ്ടാകുമെന്നാണ് അസോഷിയേഷൻ ഓഫ് പ്ലാന്റേഴ്സ് കേരളയുടെ വിലയിരുത്തൽ.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള കാലയളവിൽ കാറ്റും മഴയും ഉരുൾപൊട്ടലും രോഗങ്ങളും കാരണം ഏലംമേഖല കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇവിടെ നിന്നാണ് വിലയിലുണ്ടായ കുതിപ്പ് കർഷകർക്ക് ആശ്വാസമാകുന്നത്. കഴിഞ്ഞയാഴ്ചയാണ് ഈ വര്‍ഷം ആദ്യമായി ഏലയ്ക്കാ കിലോയ്ക്ക് കൂടിയ വില 2227 രൂപയും ശരാശരി വില 1323 രൂപയുമെന്ന മാജിക് സംഖ്യയിലെത്തിയത്. എന്നാല്‍ കിലോയ്ക്ക് രണ്ടായിരം രൂപയെന്ന മോഹവില ഒരു ലേലത്തില്‍ മാത്രമാണ് ആവര്‍ത്തിച്ചത്. കിലോയ്ക്ക് 1200 മുതല്‍ 1650 രൂപ വരെയാണ് ഇപ്പോള്‍ ഒരു കിലോ ഏലക്കായുടെ വില. ഒരു കിലോ ഏലക്കായ്ക്ക് കൂടിയ വില 1650 രൂപയും ശരാശരി വില 1259 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ നിരക്ക്.
അതേസമയം, ഇപ്പോഴത്തെ വിലവര്‍ധന താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇപ്പോഴത്തെ ഏലം വില വര്‍ധന താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് കേരള കാര്‍ഡമം ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് മുഹമ്മദ് ഹുസൈന് പറയുന്നു. ഇപ്പോള്‍ താല്‍ക്കാലികമായി വില ഉയരുന്നുണ്ടെങ്കിലും കൂടുതല്‍ ഉല്‍പ്പന്നം വിപണിയിലേക്കെത്തുമ്പോള്‍ വരും മാസങ്ങളില്‍ വിലകുറയാനാണ് സാധ്യത, ഹുസൈന് പറയുന്നു.

അതേസമയം ഈ വര്‍ഷം കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നത്തിന് മികച്ചവില ലഭിക്കാനാണ് സാധ്യതയെന്ന് കുമളിയിലെ ചെറുകിട ഏലം വ്യാപാരിയായ എ.എ.ജോര്‍ജ് പറയുന്നു. പ്രളയം മൂലം ചെടികള്‍ വന്‍തോതില്‍ നശിച്ചതിനാല്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകാനാണ് സാധ്യത. അതുകൊണ്ടു തന്നെ വില വന്‍തോതില്‍ താഴേക്കു പോകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍തോതില്‍ ഏലക്കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. ഇടുക്കി ജില്ലയില്‍ ആകെ 35000 ഹെക്ടര്‍ സ്ഥലത്ത് ഏലക്കൃഷി നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 12400 ഹെക്ടര്‍ ഏലക്കൃഷി പ്രളയത്തില്‍ നശിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ ഉല്‍പ്പാദനത്തില്‍ 40 മുതല്‍ 50 ശതമാനംവരെ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയം ഈ വര്‍ഷത്തെ ഏലം ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൃഷി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പറയുന്നു.
ഏലക്കൃഷി പൂര്‍ണമായി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 18000 രൂപ വീതം ധനസഹായം നല്‍കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. 5000 ഹെക്ടര്‍ ഭൂമിക്കെങ്കിലും ഇത്തരത്തില്‍ ധനസഹായം നല്‍കേണ്ടി വരുമെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. നിലവിലുള്ള കൃഷിയുടെ മൂന്നിലൊന്ന് പ്രളയത്തില്‍ നശിച്ചതുകൊണ്ടുതന്നെ ഇപ്പോഴത്തെ വില വര്‍ധനയുടെ ട്രന്‍ഡ് വരുംനാളുകളിലും തുടരാനാണ് സാധ്യത.
ഏലത്തിന്റെ മേഖലയിലെ നഷ്ടം 55 ശതമാനത്തിലേറെ വരുമെന്നാണ് തോട്ടം ഉടമകൾ കണക്കാക്കിയിരിക്കുന്നത്. ഏലത്തിന്റെ നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇടുക്കി ജില്ലയെയാണ്. വണ്ടൻമേട്, ഉടുമ്പൻ ചോല, കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം. ജൂണിൽ വലിയ കാറ്റിൽ തുടങ്ങിയതാണ് ഏലം മേഖലയുടെ തകർച്ചയെന്ന് അസോഷിയേഷൻ ഓഫ് പ്ലാന്റേഴ്സ് കേരളയുടെ സെക്രട്ടറി അജിത് ബാലകൃഷ്ണൻ പ്രളയത്തിന് ശേഷം പ്രാഥമിക കണക്കിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രളയത്തിന് മുമ്പ് മഴക്കാലത്ത് ശക്തമായ കാറ്റിൽ തണൽ മരങ്ങൾ വീണതിനെ തുടർന്ന് 25ശതമാനം ചെടികൾ നശിച്ചു. പുതിയത് വയ്ക്കേണ്ടി വന്നു. ഇത് കഴിയുമ്പോഴാണ് ഓഗസ്റ്റിൽ കനത്ത മഴയിൽ വെളളം കയറിയത്. അതോടെ അഴുകൽ രോഗം തുടങ്ങി. ചെടിയുടെ വേരിൽ നിന്നും തുടങ്ങുന്നതും കായിൽ വരുന്നതും ആയ രണ്ട് തരം അഴുകൽ രോഗവും ബാധിച്ചു. ചെടികളെ ബാധിച്ച കുമിൾ രോഗം തടയാൻ പറ്റിയില്ല. വെളളം കെട്ടി നിൽക്കുകയും ചെയ്തു, കായകൾ അഴുകി വീഴാൻ തുടങ്ങിയതും തിരച്ചടിയായി. അതിനാലാണ് 350 കോടി രൂപയുടെ ഉൽപ്പാദന നഷ്ടം എന്ന് ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിൽ അജിത് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേസമയം, തോട്ടംമേഖലയിൽ ഉണ്ടായ നഷ്ടംമൂലം മൊത്തം വിറ്റുവരവിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ ഉൽപ്പാദനത്തിലെ കുറവ് മൂലമുണ്ടാകുന്ന വില വർധന കണക്കാക്കിയാൽപോലും ആറായിരം കോടി രൂപയോളമേ തോട്ട മേഖലയിലുളളവർ ഈ വർഷം വിറ്റ് വരവ് പ്രതീക്ഷിക്കുന്നുളളൂ. മുൻ വർഷം പലകാരണങ്ങളാൽ തോട്ടം മേഖല കനത്ത തിരിച്ചടിയാണ് നേരിട്ടിരുന്നത്. 2012-13 ൽ ഇരുപതിനായിരം കോടി രൂപയുടെ ടേൺ ഓവർ ആണ് തോട്ടം മേഖലയിൽ രേഖപ്പെടുത്തിയിട്ടുളളതെന്ന് അസോഷിയേഷൻ ഓഫ് പ്ലാന്റേഴ്സ് കേരളയുടെ ചെയർമാൻ തോമസ് ജേക്കബ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ പല കാരണങ്ങളാൽ അത് ഒൻപതിനായിരം കോടി രൂപയായി കുറഞ്ഞിരുന്നു. ഈ വർഷം പേമാരിയും പ്രളയവും എല്ലാം കൂടെ തോട്ടം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.