തൊടുപുഴ: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നാണ് ഏലത്തെ വിശേഷിപ്പിക്കുന്നതെങ്കിലും ഏലം ഉല്‍പ്പാദകരായ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും സംബന്ധിച്ചിടത്തോളം ഏലക്കൃഷി നിലവിൽ അത്ര സുഗന്ധമൊന്നും നല്‍കുന്നില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏലം വിലയില്‍ നാനൂറു രൂപയോളമുണ്ടായ കുറവ് കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും നട്ടെല്ലൊടിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 1300 രൂപവരെ വിറ്റഴിഞ്ഞിരുന്ന ഏലത്തിന്റെ വില ഇപ്പോള്‍ 900 രൂപയില്‍ താഴേക്കു കൂപ്പുകുത്തിയിരിക്കുന്നു. കുത്തനെ വിലയിടിഞ്ഞത് ഇടുക്കി ജില്ലയുടെ കാർഷിക സന്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന സംശയം ഉയർത്തുന്നവരുമുണ്ട്.
വരുംനാളുകളില്‍ ഏലം വില ഇനിയും കുറയാനാണു സാധ്യതയെന്ന തരത്തിലുള്ള പ്രവണതകള്‍ വിപണിയിലുണ്ടെന്ന് ആശങ്കയിലും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലുമാണ് കര്‍ഷകരും വ്യാപാരികളും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഉല്‍പ്പന്നത്തിനു വിലയിടിയുന്നത് സാമ്പത്തിക ഭദ്രത തകര്‍ക്കുമ്പോള്‍ ദിവസവും കിലോയ്ക്ക് നൂറും ഇരുനൂറും രൂപ കുറയുന്നത് ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ് സമ്മാനിക്കുന്നത്. ഇടുക്കി ജില്ലയിലെ കുമളി, ആനവിലാസം,പത്തുമുറി, മാലി, വണ്ടന്മേട്, കട്ടപ്പന, പുളിയന്മല, നെടുങ്കണ്ടം, ശാന്തന്‍പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും ഏലക്കൃഷിയുള്ളത്.

“കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന മഴ തന്നെയാണ് ഏലം വിലയിടിവിനുള്ള പ്രധാന കാരണ”മെന്ന് കുമളിയിലൈ ചെറുകിട ഏലം വ്യാപാരിയായ എ എ ജോര്‍ജ് പറയുന്നു. “തുടര്‍ച്ചയായി മഴ പെയ്താല്‍ വരും മാസങ്ങളില്‍ മികച്ച രീതിയില്‍ ഉല്‍പ്പാദനം ലഭിക്കുമെന്ന പ്രതീക്ഷയാണ് വിലയിടിച്ച് ഏലക്കായ് വാങ്ങാന്‍ വന്‍കിട കച്ചടക്കാരെ പ്രേരിപ്പിക്കുന്നത്. ഏലം വിളവെടുപ്പ് തുടങ്ങിയ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിപണിയിലെത്തിയ ഉല്‍പ്പന്നത്തിന്റെ അളവു കുറവായിരുന്നതിനാല്‍ വില കൂടി നില്‍ക്കുകയായിരുന്നു. എന്നാല്‍, മഴ തുടങ്ങിയതോടെ വരും മാസങ്ങളില്‍ ഏലം വിപണിയിലെത്തുമെന്ന് വന്‍കിടക്കാര്‍ക്കു കണക്കുകൂട്ടുന്നു. അതേസമയം ദിവസവും നൂറു രൂപമുതല്‍ 200 രൂപവരെ വിലകുറയുന്നത് കച്ചവടക്കാരെയും വിപണിയില്‍ നിന്ന് അകറ്റുന്നുണ്ട്. പെട്ടെന്നുള്ള വിലയിടിവു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് സഹിക്കേണ്ടിവരുന്നത്. യഥാര്‍ഥത്തില്‍ ഏലയ്ക്കാ കച്ചവടം ഒരു ഞാണിന്മേല് കളിയാണെന്നു പറയാതെ വയ്യ.” ജോര്‍ജ് വ്യക്തമാക്കുന്നു.
“മുൻ വര്‍ഷങ്ങളില്‍ വേനല്‍മഴ ചതിച്ചതുമൂലം ഉല്‍പ്പാദനം തീരെ കുറവായിരുന്നുവെങ്കിലും ഈ വര്‍ഷം ഇടയ്ക്കു വേനല്‍മഴ ലഭിച്ചതിനാല്‍ മികച്ച ഉല്‍പ്പാദനം ലഭിച്ചു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ വിലയിടിവ് ഞങ്ങളെപ്പോലുള്ള ചെറുകിട കര്‍ഷകരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയിരിക്കുന്നു”, കര്‍ഷകനായ തോമസ് പറയുന്നു. “ഒരു ദിവസം ഏലം വിളവെടുക്കാന്‍ മാത്രം 430 മുതല്‍ 480 രൂപവരെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്കു നല്‍കുന്നുണ്ട്. വിലയിടിഞ്ഞതോടെ മുടക്കുമുതല്‍ കഴിഞ്ഞാല്‍ മിച്ചമൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതിനാലാണ് പുതുതലമുറയില്‍പ്പെട്ടവര്‍ കൃഷിയില്‍ നിന്ന് അകന്നുനില്ക്കുന്നത്.” തോമസ് പറയുന്നു.
മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ പെട്ടെന്നു വിലയിടിയുന്നതാണ് ഏലം കര്‍ഷകരെ വൻ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം മഴ തുടരുന്നതിനാല്‍ വരും നാളുകളിലും ഏലം വിലകുറയുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.