തിരുവനന്തപുരം: സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി വനംവകുപ്പ് നാളെ (നവംബർ 22 ന്) നടത്താനിരുന്ന സെൻസസ് 29- ലേയ്ക്ക് മാറ്റി.

തൃക്കാർത്തിക മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളത്ത് ഉള്ളതിനാൽ നാട്ടാനകളുടെ കണക്കെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന ആന ഉടമസ്ഥ സംഘത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സെൻസസ് നവംബർ 29 ലേ്യക്ക്  മാറ്റിയതെന്ന് ചീഫ് വൈൽഡ്  ലൈഫ് വാർഡൻ അറിയിച്ചു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ നാട്ടാനകളുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ വനംവകുപ്പ് തീരുമാനിച്ചതെന്ന് ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ​ നേരത്തെ അറിയിച്ചിരുന്നു. ഓരോ ജില്ലയിലെയും നാട്ടാനകളുടെ എണ്ണത്തിന് അനുസരിച്ച് ആനുപാതികമായ സംഘങ്ങൾ രൂപീകരിച്ച് ഒറ്റദിവസം കൊണ്ട് സെൻസസ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

വനം വകുപ്പ് ഉദ്യോഗസ്ഥർ, വെറ്റിനറി ഓഫീസർമാർ, പൊതുജനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സെൻസസ് ആരംഭിക്കും. വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായിരിക്കും സെൻസസ് ഓഫീസർമാറുടെ ചുമതല നിർവഹിക്കുക. ബയോ ഡൈവേഴ്സിറ്റി സെല്ലിലെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ സെൻസസിന്റെ സംസ്ഥാനതല കോർഡിനേറ്റിങ് ഓഫീസറായി നേരത്തെ നിയമിച്ചിരുന്നു.

ഓരോ ജില്ലയിലെയും ആനകളെ സംബന്ധിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ലാതല സെൻസസ് ഓഫീസർമാരെ അറിയിക്കാവുന്നതാണ്. ആനകളെ സംബന്ധിച്ച് പൂർണ്ണവും വ്യക്തവുമായ വിവരങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ടതിനാൽ എല്ലാ ആന ഉടമകളും സെൻസസുമായി സഹകരിക്കണമെന്നും എല്ലാ രേഖകളും രജിസ്റ്ററുകളും പരിശോധന സമയത്ത് ഹാജരാക്കണമെന്നും ചീഫ് വൈൽഡ് വാർഡൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.