കൊച്ചി: പ്രമുഖ നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചി പാലാരിവട്ടത്ത് ആലിൻചുവട്ടിലെ വസതിയിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. 68 വയസായിരുന്നു.
പ്രമീളയാണ് ഭാര്യ. രവിരാജ് ഏക മകനാണ്. അമേരിക്കയിൽ ജോലി ചെയ്യുന്ന മകൻ നാട്ടിലേക്ക് വന്ന ശേഷമേ സംസ്കാരം നടക്കൂ. മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോകുമ്പോഴാണ് വിമാനത്തിൽ വച്ച് മസ്തിഷ്കാഘാതം ഉണ്ടായത്. ഇതേ തുടർന്ന് കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് പറന്ന വിമാനം ഉടൻ മസ്കറ്റിൽ ഇറക്കി.
മസ്ക്കറ്റില്‍ നിന്ന് ക്യാപ്റ്റൻ രാജുവിനെ പിന്നീട് നാട്ടിലേക്ക് കൊണ്ടുവന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിനു മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. മുൻപ് മസ്തിഷ്കാഘാതത്തെ വിജയകരമായി അദ്ദേഹം അതിജീവിച്ചിരുന്നു.
തിരുവല്ലക്കാരനാണ് ക്യാപ്റ്റൻ രാജു. 1950 ജൂണ്‍ 27-ന് ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്കൂളില്‍ അധ്യാപകരായിരുന്ന കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായാണ് ജനനം. ഓമല്ലൂര്‍ യുപി സ്കൂളിൽ നിന്നും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്ന് ബിരുദം നേടി. ബിരുദ പഠനം പൂർത്തിയാക്കിയ ഉടൻ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു.
പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് ക്യാപ്റ്റൻ രാജു അഭിനയ രംഗത്തേക്ക് കടക്കുന്നത്. ഇക്കാലയളവിൽ മുംബൈയിലെ ലക്ഷ്മി സ്റ്റാർച്ച് എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത കാലത്ത് മുംബൈയിലെ അമേച്വർ നാടക വേദികളിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.
മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ക്യാപ്റ്റൻ രാജു. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്.
1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആണ് ക്യാപ്റ്റൻ രാജു അഭിനയിച്ച ആദ്യ ചിത്രം. രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങി പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ക്യാപ്റ്റൻ രാജു ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.