തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. പ്രളയ കാലത്ത് മുഖ്യമന്ത്രി കേരളത്തിനായി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രസ്താവന. പ്രളയാനന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.

ചികിത്സയക്കായി വിദേശത്ത് പോകേണ്ടിയിരുന്ന മുഖ്യമന്ത്രി തന്റെ ആരോഗ്യം പോലും അവഗണിച്ചാണ് പ്രളയകാലത്ത് പ്രവര്‍ത്തിച്ചതെന്നും പി.സി. ജോര്‍ജ് ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം തന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. കൂടാതെ ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എംഎല്‍എ കരഞ്ഞത് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook