scorecardresearch

മതരഹിത വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം: നയം രൂപീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

മതരഹിതരായ ഏതാനും വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

മതരഹിത വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം: നയം രൂപീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: മതരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണം നല്‍കണമെന്ന ആവശ്യത്തില്‍ നയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണ പരിധിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മതരഹിതരായ ഏതാനും വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി.അരുണിന്റെ ഇടക്കാല ഉത്തരവ്.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ഒരു മതത്തിലും ചേരില്ല എന്നത് ഒരു കൂട്ടം വ്യക്തികളുടെ ബോധപൂര്‍വമായ തീരുമാനമാണ്. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരായി മുദ്രകുത്തപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്തതിനാല്‍ അവര്‍ക്ക് പാരിതോഷികം നല്‍കണമെന്നന്നും കോടതി ചൂണ്ടിക്കാട്ടി.

പുരോഗമനപരമെന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍പ്പെട്ട പൗരന്മാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം അവര്‍ ഒരു സമുദായത്തിലും ജാതിയിലും പെടുന്നില്ല എന്ന കാരണത്താല്‍ നിഷേധിക്കാനാവില്ല. അതിനാല്‍, മതവിശ്വാസികളല്ലെന്ന് സ്വയം പ്രഖ്യാപിച്ച ഹര്‍ജിക്കാരെപ്പോലുള്ളവര്‍ക്ക് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സര്‍ക്കാര്‍ നയവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിക്കേണ്ടതുണ്ട്.

എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങള്‍ ഒഴികെയുള്ള മറ്റ് ഇഡബ്ല്യുഎസ് സമുദായങ്ങള്‍ക്ക് സംവരണം ചെയ്ത 10% സംവരണം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടുവെന്ന് അവര്‍ ആരോപിച്ചു. മതേതര വിഭാഗത്തെ ഉള്‍പ്പെടുത്താത്തത് ഭരണഘടനയുടെ 14, 15, 16 വകുപ്പുകളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ കാരണങ്ങളാല്‍, ഇ.ഡബ്ല്യു.എസില്‍ പെടുന്ന ഇതര മതസ്ഥരെ ഉള്‍പ്പെടുത്താനും അതുവഴി ഇ.ഡബ്ല്യു.എസിനുള്ള സംവരണം പ്രയോജനപ്പെടുത്താന്‍ അവരെ അനുവദിക്കാനും അവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത്, മതമില്ലാത്ത വ്യക്തികളെ അഭിനന്ദിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ വാദത്തിനിടെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ക്ക് മറ്റെല്ലാ ആവശ്യങ്ങളും നിറവേറ്റിയാല്‍ സംവരണം തുടരാന്‍ മതേതര വിഭാഗത്തില്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്ന ഇഡബ്ല്യുഎസ് (എക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്) സംവരണം കോളേജ് പ്രവേശനത്തിന് തങ്ങള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതരഹിതരായ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത്. ഇഡബ്ല്യുഎസില്‍പ്പെട്ട മതമില്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cant deny ews benefits to non religious persons kerala high court

Best of Express