കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നു ഹൈക്കോടതി. റോഡില്‍ ഇനിയൊരു മരണം അനുവദിക്കാനാവില്ലെന്നും കര്‍ശന നടപടി വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി പരിശോധിച്ച കോടതി, ഇത്തരം സംഭവങ്ങളില്‍ എന്തുകൊണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നു ചോദിച്ചു.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെ കോടതി വിളിച്ചുവരുത്തി. നിയമലംഘനങ്ങള്‍ എത്രനാള്‍ നോക്കിനില്‍ക്കുമെന്നും ബസിന്റെ അമിത വേഗത്തിനെതിരെ ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു.
അപകടമുണ്ടായതിനു പിന്നാലെ, മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ളമാര്‍ഗനിര്‍ദേശങ്ങള്‍ സിറ്റി പൊലീസിനു നല്‍കിയതായി സിസിപി കോടതിയെ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 23 നകം അറിയിക്കണമെന്നു കോടതി അറിയിച്ചു.
ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് പീഡിപ്പിക്കുകയാണന്നാരോപിച്ച് ബസുടകളും തൊഴിലാളികളും 15നു പണിമുടക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ഡി സി പി കോടതിയെ അറിയിച്ചു.
എന്നാല്‍, ജനദ്രോഹ നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കാനും കോടതി പൊലീസിനൊപ്പമുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ഹെല്‍പ്പ് നമ്പര്‍ രേഖപ്പെടുത്താന്‍ സാധിക്കുമോയെന്നതു പരിശോധിക്കണമെന്നു കോടതി നിര്‍ദേശിച്ചു. വിഷയം 23നു വീണ്ടും പരിഗണിക്കും.
മാധവ ഫാര്‍മസി ജങ്ഷനില്‍ ഇന്നു രാവിലെയുണ്ടായ അപകടത്തില്‍ വൈപ്പിന്‍ കര്‍ത്തേടം കല്ലുവീട്ടില്‍ ആന്റണി(46)യൊണു മരിച്ചത്. സിഗ്‌നലില്‍ നിര്‍ത്തിയിരുന്ന ബസ് പച്ച ലൈറ്റ് തെളിഞ്ഞതോടെ അതിവേഗത്തില്‍ പോകുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ആന്റണിയുടെ തലയിലൂടെ കയറിയിറങ്ങി.