തിരുവനന്തപുരം: ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിയമസഭാ രേഖകളിൽനിന്നു നീക്കം ചെയ്യേണ്ടതിലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ റൂളിങ്. മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ അഭിപ്രായമാണ്. ഇത് സഭാനടപടികൾക്ക് വിരുദ്ധമല്ല. രാഷ്ട്രീയമായ പരാമർശങ്ങൾ നടത്തുകയാണെങ്കിൽ അതിനു രാഷ്ട്രീയമായി തന്നെ മറുപടി നൽകാൻ പ്രതിപക്ഷത്തിന് അവസരം നൽകുക എന്നതാണ് സ്പീക്കർ ചെയ്യേണ്ടത്. അതു ചെയ്തിട്ടുണ്ട്. രാഷ്ട്രീയമായ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കം ചെയ്ത കീഴ്‍വഴക്കവുമില്ല. നിയമസഭയിൽ പറയാൻ പാടില്ലാത്തതോ നിയമസഭാ ചട്ടങ്ങൾക്ക് വിരുദ്ധമോ ആയിട്ടുള്ള യാതൊരു പരാമർശവും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ വെള്ളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ പരാമർശം സഭാരേഖകളിൽ നിന്നും നീക്കം ചെയ്തത് അതുപോലെ തുടരും. ഇത് സഭാരേഖകളിൽ നിന്നും നീക്കം ചെയ്തത് ശരിയായില്ല എന്ന് പ്രതിപക്ഷ നേതാവ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യവും സ്പീക്കർ പരിശോധിച്ചു. തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് സഭാരേഖകളിൽ നിന്നും ഇതു നീക്കം ചെയ്തതെന്നും സ്പീക്കർ വ്യക്തമാക്കി.

കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകർ നത്തിയ സദാചാര ഗുണ്ടായിസത്തെ കുറിച്ചും ഗുരുവായൂരിലെ കുടിവെളള പ്രശ്നത്തെ കുറിച്ചുമുളള ചർച്ചകൾക്കിടിയിലാണ് വിവാദ പരാമർശങ്ങളുണ്ടായത്.​ ഇതേ തുടർന്ന് സഭയിൽ ഭരണ- പ്രതിപക്ഷ കക്ഷികൾ തമ്മിൽ ബഹളം ഉണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ