തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. പ്രതിഷേധക്കാർ റിവ്യൂ ഹർജിയിലെ തീരുമാനം വരെ കാത്തിരിക്കണം. എതിർപ്പുകൾ സ്വാഭാവികമാണ്. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാതെ കോടതിയെ സമീപിച്ച എൻഎസ്എസ് നിലപാടാണ് ശരിയെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. എൻഡിഎയുടെ നേതൃത്വത്തിലുളള ശബരിമല സംരക്ഷണയാത്രയ്ക്ക് ഇന്ന് തുടക്കമായി. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി ജാഥ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റായ പി.എസ്.ശ്രീധരൻപിളളയാണ് ലോങ് മാർച്ച് നയിക്കുന്നത്. പന്തളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴ കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്താണ് സമാപിക്കുക.

വിധിക്കെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അയ്യപ്പധർമ്മ സമിതി എറണാകുളത്ത് വൈറ്റിലയിൽ ഒരു മണിക്കൂർ റോഡ് ഉപരോധിച്ചു. വരുംദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഹൈന്ദവ സംഘടനകളുടെ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.