മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെരുപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. അജാസ് എന്നയാളാണ് പിടിയിലായത്. 910 ഗ്രാമോളം തൂക്കം വരുന്ന കഞ്ചാവാണ് ചെരുപ്പില്‍ ഒളിപ്പിച്ചത്. ഇതിന് ഏകദേശം 7 ലക്ഷം രൂപയോളം വില വരും.
സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര‍്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെരുപ്പിന്റെ തോല്‍ പൊളിച്ച് ഇതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അജാസ് എന്നയാളാണ് പിടിയിലായത്. ഇയാളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പ്രതിയേയും തൊണ്ടിമുതലും നാര്‍ക്കോട്ടിക്സ് കണ്‍ഗ്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.
കണ്ണൂര്‍ വിമാനത്താവളം വഴി പുത്തന്‍ ശൈലിയില്‍ ലഹരിമരുന്നുകളും സ്വര്‍ണവും കടത്താനുളള ശ്രമം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ച വിമാനത്താവളത്തിൽ നിന്ന് 2.8 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ബുധനാഴ്ച രാവിലെ ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരൻ കുന്ദമംഗലം സ്വദേശി വട്ടം പറമ്പിൽ ഷബീബിൽ നിന്നാണ് സ്വർണബിസ്കറ്റുകൾ പിടികൂടിയത്.
സ്വർണ ബിസ്കറ്റുകൾ കഷണങ്ങളാക്കി ഡ്രില്ലിങ്ങ് മെഷീനകത്ത് വച്ചാണ് കടത്തിയത്. ഇതിന് 98 ലക്ഷം രൂപ വിലവരും. കസ്റ്റംസ് അസി.കമീഷണർ ഒ പ്രദീപ്, സൂപ്രണ്ടുമാരായ പ്രദീപ് കുമാർ നമ്പ്യാർ, പി വി രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
രണ്ടാഴ്ച മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നു പേരില്‍ നിന്നായി രണ്ടു കിലോയോളം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതോടെ സ്വര്‍ണക്കടത്തുകാരുടെ വിഹാരകേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറിയിരിക്കുകയാണെന്നാണ് സൂചന. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളൊരുക്കാത്തതാണ് ഗള്‍ഫില്‍ നിന്നും കണ്ണൂരിലേക്ക് സ്വര്‍ണം കടത്തുന്നതിന് കാരണമായി പറയുന്നത്.
മംഗളൂരു, കോഴിക്കോട്, മലപ്പുറം, തലശ്ശേരി ഭാഗങ്ങളിലെ സ്വര്‍ണക്കടത്തുകാരുടെയും കുഴല്‍പ്പണക്കാരുടെയും പ്രധാന താവളമായി കണ്ണൂര്‍ വിമാനത്താവളം മാറുകയാണ്. ശരീരഭാഗങ്ങളില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് ഇവര്‍ സ്വര്‍ണം കടത്തുന്നത്. ഇതിനായി പ്രത്യേകകാരിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.