കൊച്ചി: ക്യാംപസുകളിലെ ഇളം തലമുറയെ തെറ്റുകളിലേയ്ക്ക് നയിക്കുകയല്ല അവരുടെ തെറ്റ് തിരുത്തുകയാണ് മുതിർന്ന തലമുറ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പ്രായത്തിലുളളവർക്കും മാനസിക വൈകല്യമുണ്ടാകാം. മുതിർന്നവരായാലും ഇളംപ്രായക്കാരായാലും. മുതിർന്നവരുടെ മാനസിക വൈകല്യം മൂലം ഇളം തലമുറക്കാരെ തെറ്റിലേയ്ക്ക് നയിക്കുന്നത് ദോഷമേ ചെയ്യുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളജിലെ സമീപകാല സംഭവങ്ങളെ കുറിച്ച് പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അടുത്തിടെ മഹാരാജാസ് കോളജിൽ​ പ്രിൻസിപ്പലിന്റെ കസേര കത്തിക്കുക, ചുവരെഴുത്ത് വിവാദം എന്നിവ നടന്നിരുന്നു. സംഭവങ്ങളോ പേരോ പറയാതെയായിരുന്നു സമീപകാല സംഭവങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത്. അടുത്തിടെ മഹാരാജാസിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ അധ്യാപകരുൾപ്പെടയുളളവർക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. മഹാരാജാസ് കോളജിലെ പുർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റ് മനുഷ്യസഹജമാണ്. തെറ്റ് സംഭവിച്ചാൽ അത് തിരുത്താനുളള ആർജവം കാണിക്കണം. ആരും തെറ്റിന് അതീതരല്ല. തെറ്റ് സംഭവിച്ചാൽ അത് തിരുത്തുന്നതാണ് ആർജവം. കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണിതെന്ന ചിന്ത സ്ഥാപനത്തിന്റെ ഭാഗമായ എല്ലാവരിലും ഉണ്ടാകണം. അഭിമാന സ്തംഭമായ സ്ഥാപനത്തെ അപമാനത്തിന്റെ പടുകുഴിയിലേയ്ക്ക് തളളിയിടാൻ ഏതാനും ചിലർ വിചാരിച്ചാൽ സാധിക്കും.

നല്ല കാര്യങ്ങളായിരിക്കില്ല, മറിച്ച് അപമാനത്തിന്റെ പടുകുഴിയിലേയ്ക്ക് തളളിയിട്ട കാര്യങ്ങളായിരിക്കും സമൂഹത്തിന്റെ ഓർമ്മയിലുണ്ടായിരിക്കുക. അതിനാൽ സമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു നിൽക്കാനുളള ജാഗ്രത എല്ലാവർക്കും ഉണ്ടാകണം. ഒറ്റപ്പെട്ട രീതിയിലാണെങ്കിലും തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ കൃത്യമായ ആത്മപരിശോധന നടത്താൻ കഴിയണം.

എല്ലാ ക്യാംപസിലും രണ്ടു വിഭാഗമുണ്ട്. ഒന്ന് ഇളം പ്രായം. ചോരത്തിളപ്പ്, നിലനിൽക്കുന്ന എന്തിനോടും മുട്ടിനോക്കാൻ തോന്നുന്ന സമൂഹം, എല്ലാ കലാലയത്തിലും മുതിർന്നവരുടെ ഒരുവിഭാഗം ഉണ്ട്. മുതിർന്നവർ എന്ന നിലയിലുളള സംയമനം അവർ കാണിക്കണം.

ക്യാംപസ് രാഷ്ട്രീയം അനിവാര്യമാണ്. ക്യാപസിൽ നിന്നും രാഷ്ട്രീയം ഇല്ലാതെയാകുമ്പോൾ അരാഷ്ട്രീയതും ജാതി, മത വർഗിയ ശക്തികൾ പ്രാപിക്കും.ക്യാംപസിലെ രാഷ്ട്രീയം ശാരീരികമായുളള കായിക സംഘർഷങ്ങളുടെ വേദിയാകരുത്. പകരം ആശയസംവാദങ്ങളുടെ ക്രിയാത്മകമായ ഏറ്റുമുട്ടലുകളുടെ വേദികളാകണം.

മൂന്നാമത് മഹാരാജകീയത്തിന്റെ ഉദ്ഘാടത്തിൽ മുൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ അധ്യക്ഷനായിരുന്നു. പ്രൊഫ. എം. കെ. സാനു, ധനമന്ത്രി തോമസ് ഐസക്ക്, വയലാർ രവി എം പി, പി. ടി തോമസ് എം എൽ എ, ഹൈബി ഈഡൻ എം എൽ എ, ചലച്ചിത്ര നടൻ കോളജ് പ്രിൻസിപ്പിൽ എൻ എൽ​ ബീന എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ