തൊടുപുഴ: അപകട ഭീഷണിയെ തുടർന്ന് പള്ളിവാസലില്‍അടച്ചുപൂട്ടിയ പ്ലംജൂഡി റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ട് ജീവനക്കാര്‍ മൂന്നാറില്‍ ദേശീയ പാതയോരത്ത് സമരം നടത്തി. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് എന്ന സംഘടനയിലെ അംഗങ്ങളും സമരത്തില്‍ പങ്കെടുത്തു. തുടര്‍ച്ചയായ പാറ വീഴ്ചകളെത്തുടര്‍ന്ന് ഈപ്രദേശത്ത് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്ലം ജൂഡി റിസോർട്ട് പൂട്ടാൻ നിർദ്ദേശം നൽകിയത്.
മൂന്നാറിലെ ടൂറിസം മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും തൊഴില്‍ നഷ്ടപ്പെട്ട പ്ലം ജൂഡി റിസോര്‍ട്ടിലെ ജീവനക്കരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കണമെന്നും സമരത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അതേസമയം സമരത്തിനു പിന്തുണയുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെത്തി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുമ്പ് മൂന്നാറുമായി ബന്ധപ്പെട്ടു മൂന്നു യോഗങ്ങളാണ് കൂടിയത്. ഈ യോഗങ്ങളിലെ തീരുമാനം ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു തന്നെയായിരുന്നു. എന്നാല്‍ ഇതിനുകടക വിരുദ്ധമായ കാര്യങ്ങളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ മൂന്നാറില്‍ അരങ്ങേറുന്നതെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ കുറ്റപ്പെടുത്തി.
പ്ലം ജൂഡി റിസോര്‍ട്ടു തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ദേവികുളം ആര്‍ഡിഒ ഓഫീസിനു മുന്നില്‍ പ്ലം ജൂഡിയിലെ തൊഴിലാളികള്‍ ധര്‍ണ നടത്തിയിരുന്നു. റിസോര്‍ട്ടു തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിനു നിവേദനം നല്‍കിയെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് റവന്യൂ വകുപ്പ് സ്വീകരിച്ചത്.
പാറ വീഴ്ചകളെ തുടർന്ന് പ്രദേശത്തെ സുരക്ഷാ ഭീഷണി നേരിടുന്നതിന്റെ പേരിൽ പ്ലം ജൂഡി റിസോര്‍ട്ടു പൂട്ടാന്‍ ഓഗസ്റ്റ് എട്ടിനു ജില്ലാ കളക്ടര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. മാര്‍ച്ച് 13-നും ഓഗസ്റ്റ് അഞ്ചിനുമുണ്ടായ തുടര്‍ച്ചയായ പാറവീഴ്ചകളെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ പ്ലം ജൂഡി ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ കാര്‍ഷികാവശ്യത്തിനുള്ള പട്ടയത്തിലാണ് റിസോര്‍ട്ടു നിര്‍മിച്ചതെന്നും പ്രദേശം അപകട മേഖലയാണെന്നും റവന്യൂ വകുപ്പിന്റെ എന്‍ഒസി വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഉടമയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉടമയ്ക്ക് ജില്ലാ ദുരന്തനിവാരണ സമിതിക്ക് അപ്പീല്‍ നല്‍കാനാവുമെന്നും വ്യക്തമാക്കിയിരുന്നു. കോടതിവിധിയെത്തുടര്‍ന്നു റവന്യൂ വകുപ്പ് റിസോര്‍ട്ട് പൂട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ട ഉടമ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടുമായി ബന്ധപ്പെട്ട പരിശോധനയ്ക്കും വിലയിരുത്തലിനുമായി ചേരുന്ന ഉന്നതാധികാര സമിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് . ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന, ജില്ല ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സമിതി ഒക്ടോബര്‍ അഞ്ചിന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചത്. റിസോര്‍ട്ട് പൂട്ടാനുള്ള ഉത്തരവു ശരിവച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് കോടതി പരിഗണിച്ചത്. സിംഗിള്‍ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയ കോടതി കേസ് ഒക്ടോബര്‍ ഒമ്പതിനു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. ഇതിനിടെ ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളിയതോടെയാണ് ഒക്ടോബര്‍ മൂന്നിന് റവന്യൂ അധികൃര്‍ പ്ലം ജൂഡി റിസോര്‍ട്ടും സമീപത്തുള്ള ഗസ്റ്റ് ഹൗസും അടച്ചുപൂട്ടിയത്.