കോഴിക്കോട്: ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ അധ്യാപികയെ മാറ്റിനിർത്താൻ കാലിക്കറ്റ് സർവകലാശാലാ അധികൃതരുടെ തീരുമാനം. സർവകലാശാലാ ക്യാമ്പസ് ബോട്ടണി പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. എം. ഷമിനയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ നിർദേശിച്ചു. മലയാളം വിഭാഗം മേധാവി ഡോ. എൽ. തോമസ്കുട്ടിയോടും അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർഥികൾ നൽകിയ പരാതിയിൽ സിൻഡിക്കേറ്റിന്റെ ഉപസമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് ഇരുവരോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരിക്കുന്നത്. ബോട്ടണി വകുപ്പിലെ ഗവേഷക വിദ്യാർഥികളായ അരുൺ.ടി.റാം, മനു ഫിലിപ്പ്, കെ.ശ്വേത, വി.പി.ഫർഹദ് എന്നിവരാണ് ഗവേഷക ഗൈഡായ ഡോ. എം.ഷമിനക്കെതിരെ ദലിത് പീഡനം ഉൾപ്പടെയുള്ള ആരോപണം ഉന്നയിച്ച് വൈസ് ചാൻസിലർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്.

ജാതിപരമായ വിവേചനം, അവഹേളനം, മാനസികമായി തളർത്തി ഗവേഷണം നിർത്തിപ്പോകാനുള്ള പ്രേരണ തുടങ്ങിയവകൊണ്ട് പൊറുതിമുട്ടിയതോടെയാണ് ഗൈഡിനെതിരെ പരാതി നൽകിയതെന്ന് അരുൺ.ടി.റാം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

പട്ടികജാതിക്കാരായ വിദ്യാർഥികളെ അവഹേളിക്കുന്ന തരത്തിൽ ഗൈഡ് പെരുമാറുന്നതായി വിദ്യാർഥികൾ വൈസ് ചാൻസിലർക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. പട്ടികജാതി-വർഗ്ഗ കമ്മിഷനും സർവകലാശാലയിലെ ബന്ധപ്പെട്ട മറ്റ് അധികൃതർക്കും വിദ്യാർഥികൾ പരാതി നൽകിയിരുന്നു.

അതേസമയം വിദ്യാർഥികൾ കയ്യേറ്റം ചെയ്തതായും അശ്ലീല പ്രയോഗങ്ങൾ നടത്തിയതായും ചൂണ്ടിക്കാട്ടി അധ്യാപിക വൈസ് ചാൻസലർ മുഖേന തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ തങ്ങൾ അധ്യാപികയ്‌ക്കെതിരെ നേരത്തെ നൽകിയ പരാതി വൈസ് ചാൻസലർ പൊലീസിന് കൈമാറിയില്ലെന്ന് ഗവേഷക വിദ്യാർഥികൾ ആരോപിച്ചു. മലയാളം വിഭാഗം മേധാവി ഡോ. എൽ.തോമസ് കുട്ടിക്കെതിരെയും സമാനമായ പരാതി വിദ്യാർഥികൾ സർവകലാശാലാ അധികൃതർക്ക് നൽകിയിരുന്നു.

വിദ്യാർഥികൾ നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അധ്യാപകർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ഇന്ന് എല്ലാ ഗവേഷക വിഭാഗങ്ങളിലെയും വിദ്യാർഥികൾ സർവകലാശാലാ ആസ്ഥാനത്ത് കുത്തിയിരുപ്പ് സമരം നടത്തി. ഇതേതുടർന്നാണ് സിൻഡിക്കേറ്റ് സമിതിയുടെ അന്വേഷണ പൂർത്തിയാകുന്നതുവരെ അധ്യാപകരോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതെന്ന് രജിസ്ട്രാർ പ്രഫ. എം.മനോഹരൻ പറഞ്ഞു. വിദ്യാർഥികളുടെ പരാതിയിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ന് നടന്ന സമരത്തെ തുടർന്ന് വൈസ് ചാൻസലറുമായി നടന്ന ചർച്ചയിൽ അധ്യാപികയ്‌ക്കെതിരെ നൽകിയ പരാതി പൊലീസിന് കൈമാറാത്ത വിഷയം വിദ്യാർഥികൾ ഉന്നയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.