കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കഴിഞ്ഞ ദിവസം മിഠായിത്തെരുവിലെ കടയിൽ ഉണ്ടായ തീ ആരോ കത്തിച്ചതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീൻ ആരോപിച്ചു. കടയിൽ തീയിട്ട ശേഷം ഒരാൾ ഓടിപോകുന്നതായി കണ്ടെന്ന് വിവരം ലഭിച്ചതായി നസറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മിഠായിത്തെരുവിൽ ഇതിനു മുൻപുണ്ടായ എല്ലാ തീപിടിത്തങ്ങളും അട്ടിമറിയായതുകൊണ്ടാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവരാത്തതെന്നും നസറുദ്ദീൻ ആരോപിച്ചു. മിഠായിത്തെരുവ് തീപിടിത്തത്തെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണങ്ങൾ ശ്രദ്ധേയമാണ്.

കടകൾക്കു പിറകിൽ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ കട കത്തുമെന്നും ഇനിയും മിഠായിത്തെരുവിൽ തീപിടിത്തം ഉണ്ടാകുമെന്നും നസറുദ്ദീൻ പറയുന്നു. കെട്ടിട ഉടമകളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ നസറുദ്ദീന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ജില്ലാ കലക്‌ടർ യു.വി.ജോസ് പറഞ്ഞു. സംഭവത്തിൽ തെളിവെടുപ്പ് നടന്ന സമയത്ത് നസറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയില്ലെന്ന് പറഞ്ഞ് മേയർ തോട്ടത്തിൽ രവീന്ദ്രനും ആരോപണം തളളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ