കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി കോഴിക്കോട് കടപ്പുറം മാറും. ഇതിനുള്ള വേദി കടപ്പുറത്ത് ഉടന്‍ ഒരുങ്ങും. 2018 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന മൂന്നാമത്തെ സീസണ്‍ ഈ സ്ഥിരം വേദിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഇതിനായി നാല് കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ അംഗീകാരം ലഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കും സാംസ്കാരിക മേഖലയ്ക്കും കരുത്ത് പകരുന്ന വിധത്തിൽ കോഴിക്കോട് കടപ്പുറത്തെ സൗന്ദര്യവത്കരിക്കും. സമൂഹം, സംസ്കാരം, കായികം, യുവത്വം എന്നിങ്ങനെ വിഭജിച്ചാണ് ബീച്ച്‌ നവീകരണ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. കടപ്പുറത്തെ ലൈറ്റ് ഹൗസ് മുതല്‍ കാമ്പുറം ബീച്ച്‌ വരെ എട്ടുകിലോമീറ്ററോളമുള്ള ഭാഗമാണ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി നവീകരിക്കുന്നത്.

കടല്‍പ്പാലം, ലൈറ്റ് ഹൗസ്, പാര്‍ക്ക് തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയാവും നിർമ്മാണം. ആംഫി തിയേറ്റര്‍ മാതൃകയിലുള്ള രണ്ടു വേദികളായിരിക്കും പ്രധാനമായും തയാറാക്കുക. കടപ്പുറത്തെ ശുചിമുറികൾ പൊളിച്ചുമാറ്റി പുതിയവ പണിയാനും തീരുമാനമുണ്ട്.

സാംസ്കാരിക പരിപാടികള്‍ക്കും കൂട്ടായ്മകൾക്കും മാത്രമായി ഒതുക്കാതെ കടപ്പുറത്ത് എത്തുന്നവർക്കെല്ലാം ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ നിർമ്മാണങ്ങൾ ലക്ഷ്യമിടുന്നത്.

2016 ഫെബ്രുവരിയിലാണ് ഡി.സി കിഴക്കേമുറി ഫൗ‍ണ്ടേഷന്റെ നേതൃത്വത്തില്‍ സാഹിത്യ-സാംസ്കാരിക ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇടമൊരുക്കിക്കൊണ്ട് കോഴിക്കോട് കടപ്പുറത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ