തൊടുപുഴ: നാട്ടിലിറങ്ങി കുറുമ്പുകാട്ടി താരമായ കുട്ടിക്കൊമ്പന്‍ ഇനി അനാഥന്‍. കഴിഞ്ഞ ദിവസം മൂന്നാറിനു സമീപത്തെ ചിന്നക്കനാല്‍ ടൗണിലിറങ്ങിയ കുട്ടിക്കൊമ്പന്റെ അമ്മയാനയെ വ്യാഴാഴ്‌ച രാവിലെയാണ് ചിന്നക്കനാല്‍ മരപ്പാലത്തിനു സമീപം ചരിഞ്ഞ നിലയില്‍ വനപാലകര്‍ കണ്ടെത്തിയത്.

elephant

നാട്ടിലിറങ്ങിയ കുട്ടിയാനയുടെ അമ്മയാനയെ ചരിഞ്ഞ നിലയിൽ​കണ്ടെത്തിയപ്പോൾ

തള്ളയാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയതോടെ കുട്ടിയാനയെ കൂട്ടിക്കൊണ്ടു പോകാന്‍ കാട്ടാനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ചൊവ്വാഴ്‌ചയാണ് ചിന്നക്കനാല്‍ വെലക്കിനു സമീപത്തുനിന്ന് കൂട്ടം തെറ്റിയ അഞ്ചുമാസത്തോളം പ്രായമുള്ള കുട്ടിക്കൊമ്പന്‍ ചിന്നക്കനാല്‍ ടൗണിലെത്തിയത്. ടൗണില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ഓടി നാട്ടുകാരുമായും ഡ്രൈവര്‍മാരുമായും ചങ്ങാത്തത്തിലായ കുട്ടിയാനയെ പിന്നീട് ദേവികുളം റേഞ്ച് ഓഫീസര്‍ നിബുകിരണിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഏറ്റെടുത്തു താല്‍ക്കാലിക കൂട്ടിലേക്കു മാറ്റുകയായിരുന്നു.

ബുധനാഴ്‌ച രണ്ടുതവണ കുട്ടിക്കൊമ്പന്‍ വനപാലകരുടെ അടുത്തേയ്ക്കു തന്നെ മടങ്ങിയെത്തിയിരുന്നു. കുട്ടിയാനയെ തിരഞ്ഞു കാട്ടാനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വനപാലകര്‍. എന്നാല്‍ വ്യാഴാഴ്‌ച രാവിലെ നടത്തിയ തിരച്ചിലിലാണ് 25 വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്. പാറയിലേക്കു വീണതു മൂലം നെഞ്ചിനുണ്ടായ ക്ഷതമാണ് ആന ചരിയാന്‍ കാരണമെന്നും ജഡത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നും ആനയുടെ പോസ്റ്റുമോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ പെരിയാര്‍ കടുവാ സങ്കേതത്തിലെ വെറ്ററിനറി സര്‍ജന്‍ ഡോ.അബ്ദുള്‍ ഫത്താഹ് അറിയിച്ചു.

Read More: കൂട്ടംതെറ്റി കുട്ടിയാന നാട്ടിലിറങ്ങി പിന്നെ സംഭവിച്ചത്- വീഡിയോ

അമ്മ​യാന ചരിഞ്ഞതോടെ ഇനി കുട്ടിയാനയെ ഉടന്‍ തന്നെ കോട്ടൂരുള്ള ആന സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാനാണിപ്പോള്‍ വനംവകുപ്പ് ആലോചിക്കുന്നത്.

elephant baby

വനം വകുപ്പിന്റെ താൽക്കാലിക കൂട്ടിൽ കുട്ടിയാന

സാധാരണയായി കുട്ടിയാനകളോടൊപ്പാണ് തള്ളയാനകളെ കാണാറുള്ളത്. കുട്ടിയാനയെ നഷ്ടപ്പെട്ടാല്‍ പ്രദേശത്തു നിന്നു മാറാതെ ആനകള്‍ നില്‍ക്കുന്നതാണ് പതിവെന്നും എന്നാല്‍ ചിന്നക്കനാലില്‍ ഇതുണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തള്ളയാന ചരിഞ്ഞതിനു ശേഷമായിരിക്കാം ആനക്കുട്ടി ഒറ്റപ്പെട്ടതെന്നും അതുകൊണ്ടാണ് ആനക്കുട്ടിയെ തിരഞ്ഞ് മറ്റു കാട്ടാനകളെത്താത്തതെന്നുമാണ് വനപാലകരുടെ നിഗമനം.

കാട്ടാനക്കൂട്ടങ്ങള്‍ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും കുട്ടിയാനയ്ക്ക് സമീപത്തേയ്ക്ക് എത്തിയിട്ടില്ല.

Read More: മൂന്നാറിൽ കാട്ടാനകളുടെ മരണം തുടർക്കഥയാകുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ