തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളിൽ വ്യാപകമായ ചട്ടലംഘനം നടന്നുവെന്ന് സിഎജിയുടെ കണ്ടെത്തൽ. ഭൂമി സംബന്ധിച്ച ഉത്തരവുകളിൽ ചട്ടലംഘനം ഉണ്ടായെന്നാണ് സിഎജിയുടെ റിപ്പോർട്ടിൽ പറയുന്നത്. മെത്രാൻ കായൽ, കടമക്കുടിയിലെ മെഡിസിറ്റി പദ്ധതി, ഹരിപ്പാട് മെഡിക്കൽ കോളജിനായി നടത്തിയ സ്ഥലം ഏറ്റെടുക്കൽ, കോട്ടയം ഇടനാഴി, കോട്ടയം മെഡിസിറ്റി ഹബ്ബ് തുടങ്ങിയ പദ്ധതികൾക്ക് ഉത്തവ് പുറപ്പെടുവിക്കുമ്പോൾ 2008-ലെ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ലംഘനം നടന്നെന്നാണ് സിഎജി കണ്ടെത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, റവന്യുമന്ത്രിയായിരുന്ന അടൂർ പ്രകാശ്, റവന്യു സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്കും റിപ്പോർട്ടിൽ വിമർശനമുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം മന്ത്രിസഭ അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രികൂടി അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ സംസ്ഥാനത്ത് ഭൂമി സംരക്ഷിക്കുന്നതിൽ വലിയ തോതിലുള്ള വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മൂന്നാര്‍, വാഗമണ്‍ അടക്കമുള്ളയിടങ്ങളിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്നും സിഐജി റിപ്പോർട്ടിൽ പറയുന്നുണ്ട്. 22.61 ഹെക്ടർ ഭൂമി തിരിച്ചെടുക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും യുഡിഎഫ് സർക്കാർ നടപ്പാക്കിയില്ല.

ബീയർ, വൈൻ പാർലറുകൾ അനുവദിച്ചതിൽ സുതാര്യതയില്ല. ഏഴു ബാറുകൾക്കും 77 ബീയർ, വൈൻ പാർലറുകൾക്കും അനുമതി നൽകി. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 166 ബാറുകൾക്ക് പിന്നീട് യാതൊരു പരിശോധനയുമില്ലാതെ ബീയർ, വൈൻ പാർലറുകൾ അനുവദിച്ചു. ബവ്റിജസ് കോർപറേഷൻ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 1.07 ലക്ഷം ലീറ്റർ മദ്യം ഒഴിവാക്കുന്നതിൽ വീഴ്ചപറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.